സി.എൻ.ജി. ക്ഷാമം രൂക്ഷം; നെട്ടോട്ടമോടി ഓട്ടോകൾ
പഴയ വാഹനം ഒഴിവാക്കി പുതിയ സി.എൻ.ജി. ഓട്ടോകൾ വാങ്ങിയ ഡ്രൈവർമാരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്

രാമനാട്ടുകര : ഗ്യാസിനു വേണ്ടി നെട്ടോട്ടമോടി സി.എൻ.ജി. ഉപയോക്താക്കൾ. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിൽനിന്ന് രക്ഷതേടി പ്രകൃതിവാതകത്തിൽ ഓടുന്ന വാഹനം വാങ്ങിയവരാണ് ഇപ്പോൾ പുലിവാലു പിടിച്ചത്. വാതകത്തിൻ്റെ ലഭ്യത കുറഞ്ഞതോടെ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ടനിരയും പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്.
രാമനാട്ടുകര ബൈപ്പാസിൽ പാറമ്മൽ ഭാഗത്തുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിൽ നിലവിൽ പ്രകൃതിവാതകം ലഭ്യമാണ്. എന്നാൽ ആവശ്യത്തിനനുസരിച്ചു ഗ്യാസ് ലഭ്യമല്ല.
ഒരു കിലോഗ്രാം സി.എൻ.ജി.ക്ക് 75 രൂപയാണ് നിരക്ക്. എട്ട് കിലോഗ്രാമിന്റെ സിലിൻഡർ നിറയ്ക്കുന്നതിന് 600 രൂപയാണ് ചെലവ്. ഓട്ടോറിക്ഷയ്ക്ക് ശരാശരി 45 കിലോമീറ്റർ ദൂരമാണ് ഒരു കിലോഗ്രാം സി.എൻ.ജി ഉപയോഗിച്ച് സഞ്ചരിക്കാനാവുക. കോഴിക്കോട് സിറ്റി കഴിഞ്ഞാൽ രാമനാട്ടുകര ബൈപ്പാസിലുള്ള പമ്പിലാണ് സി.എൻ.ജി. ലഭിക്കുന്നത്. മലപ്പുറം ജില്ലയിൽനിന്ന് ഇന്ധനം നിറയ്ക്കാൻ ഇവിടേക്കെത്തുന്നവരും കുറവല്ല. നിലവിൽ എറണാകുളത്തുനിന്നാണ് പമ്പുകളിൽ ഗ്യാസ് എത്തിക്കുന്നത്. ഇന്ധന വില കുതിച്ചുയർന്നപ്പോൾ പഴയ വണ്ടി മാറ്റി പുതിയ സി.എൻ.ജി. വാഹനമെടുത്ത ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.