കേന്ദ്ര ബജറ്റ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ
നിലവിലെ പ്രതിസന്ധി നേരിടാനുള്ള തയാറെടുപ്പ് കേന്ദ്ര ബജറ്റിലില്ലെന്നും മന്ത്രി
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ വിമർശിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. നിലവിലെ പ്രതിസന്ധി നേരിടാനുള്ള തയാറെടുപ്പ് കേന്ദ്ര ബജറ്റിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റിൽ കർഷകരെ സഹായിക്കാൻ സാധിക്കുന്ന പദ്ധതികളില്ല. വളരെ പ്രതീക്ഷകളോടെയാണ് കേരളം കേന്ദ്ര ബജറ്റിനെ നോക്കികണ്ടത്. എന്നാൽ കേരളത്തിന്റെ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് എയിംസ് എന്ന ദീർഘകാലമായുള്ള ആവശ്യവും ബജറ്റിൽ നടപ്പിലായില്ല. പ്രതീക്ഷിച്ച തരത്തിൽ തൊഴിലവസരങ്ങളും ഉണ്ടായില്ലെന്ന് മാത്രമല്ല, താങ്ങുവിലയും പ്രതീക്ഷയ്‌കൊത്ത് ഉയർത്തിയില്ല. വാക്സിന് വേണ്ടി നീക്കിവെച്ചതും വളരെ കുറച്ച് തുക മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കൂടാതെ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. ഇത് വളരെ കുറഞ്ഞ തുകയാണെന്നും മന്ത്രി പറഞ്ഞു.