കോവിഡ്; ഞായറാഴ്ച നിയന്ത്രണങ്ങൾ നാളെ മുതൽ
അവശ്യ സർവീസുകൾ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ് കർശന പരിശോധന നടത്തും.
എന്നാൽ അവശ്യ സർവീസുകൾക്ക് ഇളവ് നൽകും. വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം.
അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാൽ വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.
ഞായറാഴ്ച ജോലിചെയ്യേണ്ടവർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാവുന്നതാണ്.
പരീക്ഷകൾക്ക് പോകുന്നവർ അഡ്മിറ്റ് കാർഡുകൾ കൈവശംവെച്ച് യാത്രചെയ്യാൻ സാധിക്കും.
ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം.
റെസ്റ്റോറന്റുകൾ, ബേക്കറികൾ പാഴ്സലുകൾക്കായി രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ തുറന്നു പ്രവർത്തിക്കാം.
പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ.
കൂറിയർ, ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ തുടങ്ങിയവയും ഏഴു മുതൽ ഒൻപത് വരെ അനുവദിക്കും.
പി.എസ്.സി. പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജനുവരി 23, 30 തീയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകളാണ് മാറ്റിയത്. 23-ന് നിശ്ചയിച്ചിരുന്ന മെഡിക്കൽ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-നും 23-നുള്ള ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2 പരീക്ഷകൾ ജനുവരി 28-നും നടത്തും. 30-ന് നിശ്ചയിച്ച വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്കരിച്ച ദിവസക്രമം പി.എസ്.സി.യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.