കോവിഡ് കേസുകൾ ഉയരുന്നു: കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം
പലയിടങ്ങളിലും പോലീസ് മുന്നറിയിപ്പില്ലാതെ തന്നെ വാഹനങ്ങൾ തിരിച്ചുവിട്ടു

കോഴിക്കോട്: ബീച്ചിലേക്കും നഗരത്തിലെ മറ്റ് തിരക്കേറിയ ഇടങ്ങളിലേക്കുമുള്ള വാഹനങ്ങൾക്ക് കോഴിക്കോട് സിറ്റി പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച വൈകീട്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ബീച്ചിലേക്ക് പോകുന്നവരിൽ പലരും പോലീസ് നിയന്ത്രണങ്ങൾ അറിയാതെ ഇന്നലെ സി.എച്ച്. മേൽപ്പാലത്തിലെത്തി. തുടർന്ന് പോലീസും വാഹനയാത്രക്കാരും തമ്മിൽ ഇവിടെ വച്ച് വാക്കേറ്റമുണ്ടായി.
പെട്ടന്നുണ്ടായ നിയന്ത്രണം നഗരത്തിൽ പ്രവേശിച്ചതിന് ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും അറിഞ്ഞത്. മാളുകളിലും മറ്റും തിരക്ക് ഒഴിവാക്കാനും പോലീസ് ശ്രമം നടത്തിയിരുന്നു. പലയിടങ്ങളിലും പോലീസ് മുന്നറിയിപ്പില്ലാതെ തന്നെ വാഹനങ്ങൾ തിരിച്ചുവിട്ടു.
കൂട്ടംകൂടി നിൽക്കുന്നവരെയും മാസ്‌ക് ധരിക്കാതെ എത്തുന്നവരെയും നിയന്ത്രിക്കാനായിരുന്നു തീരുമാനം. എന്നാൽ വൈകിട്ടോടെ മേൽപ്പാലത്തിലും പരിസരത്തും വൻ വാഹനവ്യൂഹം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡുകളിൽ ബാരിക്കേഡ് വെച്ച് നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു. ബീച്ചിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പോലീസ് നിയന്ത്രണങ്ങൾ പെട്ടെന്ന് ഉണ്ടായതാണെന്നും മുൻകൂട്ടി അറിയിപ്പില്ലാത്തതിനാലാണ് തങ്ങൾ ബീച്ചിലെത്തിയതെന്നും ആളുകൾ പറഞ്ഞു. പല വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ നമ്പറുകൾ പോലീസ് ഫോണിൽ പകർത്തിയതും ചിലയിടങ്ങളിൽ വാഹനയാത്രക്കാരും പോലീസും തമ്മിൽ വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു.