കേരളീയർ കരുതിയിരിക്കുക; ഒമിക്രോൺ സാമൂഹ്യ വ്യാപനമുണ്ടായതായി സംശയം
ഒമിക്രോൺ കൊണ്ട് വരുന്നത് വിദേശത്ത് നിന്ന് വരുന്നവർ മാത്രമല്ല രോഗം ഗൗരവതരമല്ലെന്ന വാദവും തെറ്റ്

കോഴിക്കോട്: ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡിന്റെ മൂന്നാം തരംഗത്തിൽ മുന്നറിയിപ്പ് നല്കി കൊണ്ട് കോഴിക്കോട്ടെ കോവിഡ് ചികിത്സ വിദഗ്ദൻ ഡോ. അനൂപ് കുമാറിന്റെ എഫ് ബി പോസ്റ്റ് . ഇതിനകം തന്നെ ഒമി ക്രോൺ സാമൂഹ്യ വ്യാപനം നടന്നതിന്റെ മുന്നറിയിപ്പാണ് ഡോക്ടർ നല്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം.
"കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30%ത്തിന് മുകളിലേക്ക് പോവുകയും കേസുകളുടെ എണ്ണം 20000ത്തോട് അടുക്കുകയും ചെയ്യുകയാണ്. കോഴിക്കോട് ജില്ലയിൽ തന്നെ കോവിഡ് സ്ഥിരീകരിച്ച 51 രോഗികളിൽ എസ്ജിടിഎഫ് എന്ന സ്ക്രീനിങ് ടെസ്റ്റ് നടത്തിയപ്പോൾ 38 പേരിലും ഒമിക്രോൺ വകഭേദത്തിൻ്റെ സാദ്ധ്യതയാണ് കാണുന്നത് . ഇവർ ആരും തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരോ വിദേശത്ത് നിന്ന് വന്നവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരോ അല്ല. കോവിഡ് വൈറസിൻ്റെ വകഭേദമായ ഒമി ക്രോണിൻ്റെ സമുഹ വ്യാപനം നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ടാവാം എന്നാണ് ഇത് സൂചിപ്പിക്കുന്നത് .
അത് കൊണ്ട് തന്നെ വിദേശത്ത് നിന്ന് തിരിച്ച് വന്നവരെ മാത്രം കേന്ദ്രീകരിച്ച് പരിശോധനകളും പ്രതിരോധ നടപടികളും നടത്താതെ വലിയൊരു കോവിഡ് തരംഗത്തെ മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ട സമയം അതിക്ര മിച്ചിരിക്കുന്നു.
അതുപോലെ തന്നെ കോവിഡ് ഒമിക്രോൺ വകഭേദം വളരെ ലഘുവായ ഒരു രോഗമാണെന്നും ഇത് ഒരു വാക്സിൻ പോലെ പ്രവർത്തിച്ച് പ്രതിരോധ ശക്തി കൂട്ടുമെന്നുമുള്ള രീതിയിലുള്ള പ്രചരണവും വ്യാപകമായി നടക്കുന്നുണ്ട്. കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ തന്നെ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 14 ശതമാനമാണ് ഐ സിയു രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ്.ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലും ഐസിയുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യമുള്ളവരിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും വാക്സിൻ എടുക്കാത്തവരിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും കോവിഡ് ഒമിക്രോൺ ഗുരുതരമായി ബാധിക്കും എന്ന വസ്തുത നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു .
തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവരൊക്കെ തന്നെ കോവിഡ് ടെസ്റ്റിന് വിധേയരായി ഒരാഴ്ചക്കാലം സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതും ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. ഒമിക്രോൺ വ്യാപനം ആരോഗ്യ സംവിധാനത്തിൻ്റേയോ ഏതെങ്കിലും സർക്കാരിൻ്റെ ഭരണ സംവിധാനത്തിൻ്റെയോ പരാജയമായി കാണേണ്ടതില്ല. ഈ വൈറസ് വകഭേദത്തിൻ്റെ ഉഗ്രമായ വ്യാപനശേഷി കൊണ്ടാണ് ലോകത്ത് എല്ലായിടത്തും എന്ന പോലെ ഇവിടെയും രോഗ വ്യാപനം ഉണ്ടാവുന്നത്. വലിയൊരു വിപത്തിനെ പ്രതിരോധിച്ച് നിർത്താൻ നമ്മൾക്ക് ഒരുമിച്ച് പ്രവർത്തിക്കാം". കോഴിക്കോട്ട് നിപ രോഗം വന്നപ്പോൾ അതിനെ കുറിച്ച് ആദ്യ സൂചനകൾ നല്കിയ ഡോ. അനൂപ് കുമാറിന്റെ കണ്ടെത്തലുകൾക്ക് ഏറെ പ്രാധാന്യം ലഭിച്ചിരുന്നു