കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനാണ് സ്കൂളുകൾ അടയ്ക്കുന്നത് - മന്ത്രി വി. ശിവൻകുട്ടി
തിങ്കളാഴ്ച ചേരുന്ന ഉന്നത തല യോഗത്തിൽ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും

തിരുവനന്തപുരം: സ്കൂളുകൾ അടയ്ക്കുന്നത് വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാനാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. 35 ലക്ഷം വിദ്യാർഥികൾക്ക് പഠനം ഓൺലൈൻ വഴിയാക്കും. വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ടൈം ടേബിൾ പുനക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് നിലവിൽ അവധി നൽകുന്നത്. ഇത് അൺഎയ്ഡഡ്, സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾക്കും ബാധകമാണ്. ഓൺലൈൻ പഠനത്തിന് ഉപകരണങ്ങൾ ലഭ്യമല്ലെങ്കിൽ സ്കൂൾ പിടിഎ, മാനേജ്മെൻ്റ് ഇടപെട്ട് ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ 10, 11,12 ക്ലാസ്സുകളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കും.
വാക്സിനേഷൻ കൂടുതൽ എളുപ്പമാക്കും. ചെറിയ കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കുമ്പോൾ ശാരീരിക ആസ്വാസ്ഥ്യങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ആശുപത്രികൾ കൂടുതൽ സൗകര്യപ്രദമായിരിക്കും. കൗമാരക്കാരുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാക്കും. ഇവർക്ക് സ്കൂളിൽ തന്നെ വാക്സിൻ നൽകാനുള്ള നടപടി സ്വീകരിക്കും. കൈറ്റ് പോർട്ടലിൽ വിദ്യാർഥികളുടെ വാക്സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കും.