വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി 15 പേർ കസ്റ്റഡിയിൽ, പിടിയിലായവരിൽ കിർമാണി മനോജും
ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക പാർട്ടിക്കിടെയാണ് ലഹരി വസ്തുക്കൾ പിടികൂടിയത്

വയനാട് : വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ ടി.പി. വധക്കേസ് പ്രതി കിർമാണി മനോജടക്കം പതിനഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി നടന്നിരുന്നത്. പിടിയിലായിരുന്നവരെല്ലാം ക്രിമിനൽ കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസ് നടത്തിയ പരിശോധനയിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ യും കഞ്ചാവും കണ്ടെടുത്തു.
മുഹസിൻ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ നടത്തിയ പോലീസ് പരിശോധനയിലാണ് ലഹരി മരുന്ന് പാർട്ടി നടത്തിയവർ കുടുങ്ങിയത്. വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃമിനലുകളെ പിടികൂടി പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
ടി.പി.വധക്കേസിൽ ശിക്ഷ ലഭിച്ച മുഖ്യപ്രതികളിലൊരാളായ കിർമാണി മനോജ് ഉൾപ്പെട്ടതിൽ ഒരത്ഭുതവുമില്ലെന്ന് കെ.കെ.രമ എം.എൽ.എ. പറഞ്ഞു. സി പി എമ്മിന്റെയും സർക്കാരിന്റെയും പിന്തുണ എന്നും ലഭിച്ചിരുന്നതായി അവർ ആരോപിച്ചു. കൊലയാളികൾ യഥേഷ്ടം പരോളിലിറങ്ങി വിഹരിക്കുകയാണ്. ഗുണ്ടകൾ റിസോർട്ടിൽ ഒത്തുചേർന്നത് അറിഞ്ഞില്ലെന്നതും ഇന്റലിജൻസ് വിഭാഗവും പോലീസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിച്ചു.