ഒമിക്രോൺ; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ നിലവിൽ വന്നു
ഡിസംബർ 31നും രാത്രികാല വിലക്ക് തുടരും

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കാല നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ.
രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. ഇതനുസരിച്ച് രാത്രി ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. കർശനമായ വാഹന പരിശോധന എല്ലാ ജില്ലകളിലും ഏർപ്പെടുത്തി. മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണമുണ്ട്.
ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമേർപ്പെടുത്തി. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോയ്ക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണമെന്നുമാണ് നിർദേശം.