പുതുവത്സരാഘോഷത്തിന് ഇന്ന് കോഴിക്കോട് ബീച്ചിലേക്ക് പോകേണ്ട
ബീച്ചിലേക്കുള്ള പ്രവേശന റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് നിയന്ത്രിക്കും

കോഴിക്കോട്: ഇത്തവണത്തെ പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ നിയന്ത്രണങ്ങള്‍ നടപ്പില്‍ വന്നു. ബീച്ചിലേക്കുള്ള പ്രവേശന റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് നിയന്ത്രിക്കുകയാണ്.
അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് മാത്രമേ ബീച്ചിലേക്ക് പ്രവേശനം നല്‍കുകുയുള്ളൂ. വൈകീട്ട് ആറ് മണിയോടെ ജനങ്ങളെ ബീച്ചില്‍ നിന്നും പൂര്‍ണ്ണമായും ഒഴിപ്പിക്കും. ബീച്ചില്‍ ആള് കുടുന്നതിനോ പുതുവത്സരാഘോഷങ്ങള്‍ നടത്തുന്നതിനോ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഇന്നലെ ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാവിലെ നടപടികള്‍ ആരംഭിക്കുക.
കോഴിക്കോട് നഗരത്തില്‍ മാത്രം ആയിരം പോലീസുകാരെയാണ് ന്യൂയര്‍ ആഘോഷപരിപാടികള്‍ നിയന്ത്രിക്കുന്നതിനായി മാത്രം നിയോഗിച്ചിരിക്കുന്നത്. നഗരത്തില്‍ ഒരിടത്തും ലഹരി പാര്‍ട്ടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും എല്ലായിടവും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. ബീച്ച് നിയന്ത്രിക്കുന്നതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
അതേ സമയം കോഴിക്കോട് ജില്ലാ കലക്ടര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുതുവര്‍ഷാഘോഷം ലഹരിമുക്തമാക്കുന്നതിനായി കാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ ലഹരിമുക്തമായിരിക്കട്ടെ എന്ന ആശയം മുന്‍ നിര്‍ത്തി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കാംപെയിനോടനുബന്ധിച്ച് നിരവധി പൊതുജന പങ്കാളിത്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.