ഒമിക്രോൺ; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് മുതൽ
അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം

തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വരും. രാത്രി പത്തു മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ. രാത്രിയിൽ ഒരുവിധ ആൾക്കൂട്ടങ്ങളും അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം.
ഇന്ന് മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണങ്ങൾ. ഒമിക്രോൺ വ്യാപനം വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കടകളും രാത്രി പത്തിന് അടയ്ക്കണം. പുതുവത്സരാഘോഷം നടക്കുന്ന നാളെ രാത്രി പത്തിനു ശേഷം ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല.
രാത്രികാല പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും കൂടുതല്‍ പൊലീസിനെയും വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.
ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കമുള്ള ആള്‍ക്കൂട്ട പരിപാടികളൊന്നും നിയന്ത്രണ സമയത്ത് അനുവദിക്കില്ല. തിയേറ്ററുകളിലെ രാത്രികാല ഷോകളും അനുവദിക്കില്ല. എന്നാൽ ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.