കൊല്ലം ചവറയിൽ വാഹനാപകടം; നാലു മത്സ്യ തൊഴിലാളികൾ മരിച്ചു
രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

കൊല്ലം: ചവറയിലുണ്ടായ വാഹനാപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു. അപകടത്തിൽ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം, ബർക്കുമൻസ്, വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ, തമിഴ്നാട് സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 12.30ഓടെയാണ് അപകടം. തിരുവന്തപുരത്ത് നിന്ന് ബേപ്പൂർക്ക് മത്സ്യ തൊഴിലാളികളുമായി പോയ മിനിബസ്സിൽ മത്സ്യ വാനിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി, മാർത്താണ്ടം സ്വദേശി വർഗ്ഗീസ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
22 പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ 32 പേർ ഉണ്ടായിരുന്നതായാണ് പോലീസ് അറിയിച്ചത്.