headerlogo
recents

ബേപ്പൂര്‍ ജലോത്സവം വിനോദ സ‍ഞ്ചാര മേഖലയില്‍ കോഴിക്കോടിന്റെ സംഭാവനയെന്ന് മമ്മൂട്ടി

ലോക പ്രശസ്തമായ ഉരുവിന്റെ നാട് വലിയ ആഘോഷങ്ങളുടെ വേദിയായി മാറുകയാണ്

 ബേപ്പൂര്‍ ജലോത്സവം വിനോദ സ‍ഞ്ചാര മേഖലയില്‍ കോഴിക്കോടിന്റെ സംഭാവനയെന്ന് മമ്മൂട്ടി
avatar image

NDR News

27 Dec 2021 08:05 AM

ബേപ്പൂർ: ജല ടൂറിസത്തിന്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ആരംഭിച്ചു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, ജലോത്സവത്തിന്റെ ഉദ്ഘാടനം ഇന്നലെ വൈകീട്ട് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. വിനോദ സ‍ഞ്ചാര രംഗത്ത് കോഴിക്കോടിന്റെ സംഭാവനയാണ് ബേപ്പൂര്‍ ഫെസ്റ്റ് എന്ന് മമ്മൂട്ടി പറഞ്ഞു. ലോക പ്രശസ്തമായ ഉരുവിന്റെ നാട് വലിയ ആഘോഷങ്ങളുടെ വേദിയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വേകുന്നതോടൊപ്പം മത്സ്യ തൊഴിലാളികള്‍ക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍‍ കണ്ടെത്താനും ഇത് ഉപകരിക്കും.

      വിവിധങ്ങളായ പരിപാടികൾ, 4 ദിവസത്തെ ജലമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുൻ നിർത്തി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവെലിനാണ് ബേപ്പൂർ വേദിയാകുന്നത്. ബേപ്പൂരിന്റെ പെരുമയും ചരിത്രവും പൈതൃകവും വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളുമായി സഹകരിച്ചാണ് വാട്ടർ ഫെസ്റ്റ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനായി.

     എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായി. വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യ പ്രഭാഷണം നടത്തി. വിനോദ സ‍ഞ്ചാര വകുപ്പ് ഡയരക്ടര്‍ വി.ആര്‍ .കൃഷ്ണ തേജ, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമദ്, ക്യാപ്റ്റന്‍ അഭിലാഷ് ടോമി, ജില്ല പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. 

     ജല ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനൊപ്പം, സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കലും മേളയുടെ ലക്ഷ്യമാണ്. ജല കായികമത്സരങ്ങളായ കയാക്കിങ്, സ്റ്റാൻഡപ്പ് പെഡലിംഗ്, ബാംബു റാഫ്റ്റിംഗ് മുതൽ തദ്ദേശവാസികള്‍ക്കായി ചൂണ്ടയിടല്‍, വലവീശല്‍, നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മലബാര്‍ രുചി വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ് എന്നിവയും ജലമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

NDR News
27 Dec 2021 08:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents