തിക്കോടി പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്തു
ഇന്നലെ അർദ്ധരാത്രിയിലാണ് ബൈക്കിലെത്തിയവർ ബാഗ് തട്ടിപ്പറിച്ചത്
പയ്യോളി : പമ്പ് ജീവനക്കാരനിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. തിക്കോടി പെട്രോൾ പമ്പിൽ ഇന്നലെ അർദ്ധരാത്രി 11.34 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേർ 80 രൂപയ്ക്ക് ഡീസൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ബംഗാൾ സ്വദേശിയായ മൻജജ് മോണ്ടൽ ബോട്ടിലിൽ ഡീസൽ നിറയക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പുറകിലിരുന്നയാൾ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. കവർച്ചാശ്രമം തിരിച്ചറിഞ്ഞ ജീവനക്കാരൻ ഇവരെ പിടിക്കാൻ ബൈക്കിന് പിറകെ ഓടിയെങ്കിലും കവർച്ചക്കാർ ബൈക്ക് അതിവേഗം ഓടിച്ച് പോവുകയായിരുന്നു. കൊയിലാണ്ടി ഭാഗത്തു നിന്നും പെട്രോൾ പമ്പിലെത്തിയ സംഘം പയ്യോളി ഭാഗത്തേക്കാണ് പോയത്.
55000 രൂപ കവർന്നതായാണ് പമ്പ് ജീവനക്കാരൻ പോലീസിൽ പരാതിപ്പെട്ടത്. പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പമ്പിലെ സി.സി.ടി.വി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.