നടൻ ജോജു ജോർജിനെതിരായ ആക്രമണത്തിൽ ‘അമ്മ’ മൗനം പാലിച്ചു- ഗണേഷ് കുമാർ
'അമ്മ'യുടെ അടുത്ത യോഗത്തിൽ പ്രതിഷേധം അറിയിക്കും

തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിനെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതികരിക്കാത്ത താരസംഘടന ‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എംഎൽഎ.
...നടൻ ജോജുവിനെതിരായ ആക്രമണത്തിൽ ‘അമ്മ’ സംഘടന എന്തുകൊണ്ട് മൗനം പാലിച്ചെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു ഇതിന് മറുപടി പറയണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു. 'അമ്മ'യുടെ അടുത്ത യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും കെ.ബി ഗണേഷ്കുമാർ വ്യക്തമാക്കി.
ജോജുവിനെ ആക്രമിച്ച നടപടി അപലപനീയവും ദൗർഭാഗ്യകരവുമാണെന്നും ജോജുവിൻ്റെ വാഹനം തല്ലിതകർത്ത യൂത്ത് കോൺഗ്രസിൻ്റെ നടപടി തെറ്റായിപ്പോയെന്നും ഗണേഷ് കുമാർ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ വരെ അപലപിച്ചപ്പോഴും ‘അമ്മ’ ജനറൽ സെക്രട്ടറി മൗനം പാലിച്ചത് ആരെ പേടിച്ചാണെന്നും അഭിപ്രായം തുറന്നു പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
അതേസമയം ജോജു ജോർജുമായി ബന്ധപ്പെട്ടുണ്ടായ കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയുറിക്കുകയാണ്. ജോജുവിന്റെ സുഹൃത്തുക്കൾ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ മുൻകൈയെടുക്കുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നും പെട്ടന്നുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചത്, കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.