headerlogo
recents

ലഖീംപൂർ കർഷക കുരുതി: സാക്ഷികളെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി

സി.ആർ.പി.സി.164 പ്രകാരം പ്രധാന സാക്ഷികളുടെ മൊഴി എത്രയും പെട്ടെന്ന് തന്നെ രേഗപ്പെടുത്തണമെന്നും സുപ്രീം കോടതി

 ലഖീംപൂർ കർഷക കുരുതി: സാക്ഷികളെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി
avatar image

NDR News

27 Oct 2021 10:55 AM

ന്യൂഡൽഹി : ലഖീംപൂരിൽ കർഷക സമരത്തിലേക്ക് വണ്ടി ഇടിച്ചുകയറ്റി കര്‍ഷക കൂട്ടക്കൊല നടത്തിയ കേസില്‍ സാക്ഷികളെ സംരക്ഷിക്കാനും സാക്ഷിമൊഴി വേഗം രേഖപ്പെടുത്താനും അടിയന്തര നടപടിയെടുക്കണമെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാരിന് സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശം. അന്വേഷണത്തിന്റെ റിപ്പോർട്ട്‌ പരിശോധിച്ച ശേഷമാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച് യുപി സർക്കാരിന് നിർദേശം നൽകിയത്.

       സിആർപിസി 164 പ്രകാരം പ്രധാനപ്പെട്ട സാക്ഷികളുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട മജിസ്‌ട്രേട്ട്‌ ഇല്ലെങ്കിൽ അടുത്തുള്ള മജിസ്‌ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തണം. ഏതെങ്കിലും സാക്ഷിക്ക്‌ ജീവന്‌ ഭീഷണിയോ മൊഴി നൽകാൻ ഭീതിയോ ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

       കേസിലെ 68 സാക്ഷികളിൽ 30 പേരുടെ മൊഴി സിആർപിസി 164 പ്രകാരം രേഖപ്പെടുത്തിയതായി യുപി സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ്‌ സാൽവെ കോടതിയെ അറിയിച്ചു. നൂറുകണക്കിന്‌ ആളുകൾ പങ്കെടുത്ത റാലിക്കിടെ നടന്ന സംഘർഷത്തിൽ ഇത്രയും കുറഞ്ഞ എണ്ണം സാക്ഷികളെ നിരത്തിയതിൽ കോടതി വിമർശിച്ചു. സാക്ഷികൾ രംഗത്ത്‌ വരണമെന്ന്‌ ആവശ്യപ്പെട്ട്‌ പത്രത്തിൽ പരസ്യം നൽകിയെന്നും വരുംദിവസങ്ങളിൽ കൂടുതൽപേർ വരുമെന്നാണ്‌ പ്രതീക്ഷയെന്നും ഹരീഷ്‌ സാൽവെ പ്രതികരിച്ചു. വീഡിയോ ദൃശ്യങ്ങളുടെ ഫോറൻസിക്‌ പരിശോധന വേഗം പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.

       കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ശ്യാംസുന്ദർ, മാധ്യമപ്രവർത്തകൻ രാം കശ്യപ്‌ എന്നിവരുടെ ബന്ധുക്കളുടെ ഹർജികളിൽ പ്രതികരണം അറിയിക്കാൻ യുപി സർക്കാരിനോട്‌ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ നവംബർ എട്ടിന്‌ കോടതി വീണ്ടും വാദംകേൾക്കും.

NDR News
27 Oct 2021 10:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents