വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് വിദ്യാർഥികൾ പിടിയിൽ
വ്യാജ സർട്ടിഫിക്കറ്റുകളുമായി നിരവധി പേർ ഇത്തരത്തിൽ കടക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ പിടിയിലായത്
നെടുമ്പാശ്ശേരി: വിവിധ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് വിദ്യാർഥികളെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. എറണാകുളം തുറവൂർ, വെണ്ണല, ഇലഞ്ഞി സ്വദേശികളായ വിദ്യാർഥികളെയാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
സ്‌റ്റുഡൻറ് വിസയിൽ എയർ ഇന്ത്യ വിമാനത്തിൽ പോകാനാണ് ഇവരെത്തിയത്. മഹാത്മാ ഗാന്ധി, കേരള, വാരാണസി, അണ്ണാമല, കാശി വിദ്യാപീഠം യൂനിവേഴ്സിറ്റികളുടെ ബിരുദ സർട്ടിഫിക്കറ്റുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
വ്യാജ സർട്ടിഫിക്കറ്റുകളുമായി നിരവധി പേർ ഇത്തരത്തിൽ കടക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് എമിഗ്രേഷൻ വിഭാഗം ഇവരെ ചോദ്യം ചെയ്തു. തുടർന്ന് ചില യൂനിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജമാണെന്ന് വെളിപ്പെട്ടത്. പിന്നീട് എമിഗ്രേഷൻ വിഭാഗം മൂവർക്കും യാത്രാനുമതി നിഷേധിച്ച് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
ഇവർക്കെതിരെ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതിന് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടതായി നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു.