ഗുലാബ് ആന്ധ്രാ - ഒഡീഷാ തീരം തൊട്ടു
കേരളത്തിൽ പരക്കെ മഴ: അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്ര - ഒഡീഷ തീരത്തെത്തി. മൂന്നു മണിക്കുറിനുള്ളിൽ പൂർണമായും കരയിലെത്തും.95 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ആന്ധ്രാ - ഒഡീഷ തീരങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഒഡീഷ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിൽ ഇതിനകം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുലാബ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്താൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെയും ശക്തമായ മഴയുണ്ടാവും. കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്. നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.
ഗുലാബിൻ്റെ സ്വാധീനം തീർന്നാലും ഉടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും ഇത്. ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്.