പൊറാട്ടയും ബീഫും കിട്ടാൻ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്
നീലേശ്വരം പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി യുവാവിനെ താഴെയിറക്കി

നീലേശ്വരം: പൊറാട്ടയും ബീഫും ആവശ്യപ്പെട്ട് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് പൊറോട്ടയും ബീഫും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കെട്ടിടത്തിന്റെ മുകളിൽ കയറി ചാടാൻ ശ്രമിച്ചത്. കിനാനൂർ കരിന്തളം ഉമ്മച്ചി പള്ളത്തെ ശ്രീധരൻ എന്ന ചെറുപ്പക്കാരനാണ് വേറിട്ട ആത്മഹത്യ ഭീഷണിയുമായി കെട്ടിടത്തിനു മുകളിൽ കയറിയത്.
അയൽവാസിയുടെ വീടിനു മുകളിൽ വെട്ടു കത്തിയുമായി കയറി നിന്നായിരുന്നു ഭീഷണി. അയൽവാസി ലക്ഷ്മിയുടെ വീടിൻറെ മുകളിലെ ഏണിപ്പടി വഴിയാണ് വീടിനു മുകളിൽ കയറിയത്. പൊറോട്ടയും ബീഫും വേണമെന്ന് പറഞ്ഞ് വെട്ടുകത്തി കാണിച്ച് ഭീഷണി മുഴക്കിയ ശ്രീധരനെ നാട്ടുകാർ അനിയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങാൻ തയ്യാറായില്ല.ഇതിനിടയിൽ ബീഫും പൊറോട്ടയും അന്വേഷിച്ച് ചിലർ പോയെങ്കിലും ഞായറാഴ്ച ആയതിനാൽ കിട്ടിയില്ല. ഒടുവിൽ നീലേശ്വരം പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി യുവാവിനെ താഴെയിറക്കി. പോലീസ് ഉദ്യോഗസ്ഥർ തന്നെ ശ്രീധരന് ബീഫും പൊറോട്ടയും മാത്രമല്ല, പുഴുങ്ങിയ കോഴിമുട്ടയും നൽകി. ഭക്ഷണം കഴിച്ചതോടെ സന്തോഷവാനായ ശ്രീധരൻ വീട്ടിലേക്ക് മടങ്ങി.