യു.എ.ഇയിൽ ജനുവരി ഒന്ന് പൊതുഅവധി സർക്കാർ-സ്വകാര്യ മേഖലകളിൽ ബാധകം
ആഗോളതലത്തിലെ ബിസിനസ് രംഗത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറുന്നതിനാണ് പുതിയ രീതി നടപ്പിലാക്കിയത്
ദുബൈ: പുതുവൽസര ദിനമായ ശനിയാഴ്ച യു.എ.ഇയിൽ പൊതു അവധി. രാജ്യത്ത് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ് സർക്കാർ ഹ്യൂമൻ റിസോഴ്‌സസ് വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക. ഡിസംബർ 31 വെള്ളിയാഴ്ചയായതിനാലും ശനി, ഞായർ ദിവസങ്ങളിൽ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവൽസര ആഘോഷത്തിന്റെ അവധിക്ക് ശേഷം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത് തിങ്കളാഴ്ചയായിരിക്കും.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഞായറാഴ്ച വ്യക്തമാക്കിയത്. സ്വകാര്യ മേഖലയിൽ ഞായറാഴ്ച കൂടി അവധി നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇതോടെ മൂന്നുദിവസത്തെ അവധി ലഭിക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്.
നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി. ആഗോളതലത്തിലെ ബിസിനസ് രംഗത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറുന്നതിനാണ് പുതിയ രീതി നടപ്പിലാക്കിയത്.