അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു
ഇത് രണ്ടു മാസത്തിനുള്ളിൽ അമേരിക്കയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യനാണ്

ന്യൂയോർക്ക് : അമേരിക്കയിൽ മലയാളി പെണ്കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 8.30ന് അലബാമ മോണ്ട്ഗോമറിയിലായിരുന്നു സംഭവം.
വീട്ടിൽ കിടന്നുറങ്ങവേയാണ് മറിയത്തിന് വെടിയേറ്റത്. വീടിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്ന ആളിന്റെ തോക്കിൽനിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് മറിയത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളിപ്പറന്നിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. നാല് മാസം മുൻപാണ് ഇവർ ഗൾഫിൽനിന്നും അമേരിക്കയിലെത്തിയത്. രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട്.
പോലിസ് അധികാരികളിൽ നിന്ന് മൃതദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
രണ്ടു മാസത്തിനുള്ളിൽ അമേരിക്കയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ സ്വദേശിയാണ് മറിയം. ഈ മാസം ആദ്യം ഡാളസിൽ മലയാളിയായ സാജൻ മാത്യുവും വെടിയേറ്റു മരിച്ചിരുന്നു.