സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
വാഹനം നിർത്തി പുറത്തിറങ്ങിയ ഇയാളെ അമിത വേഗതയിൽ വന്ന മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
![സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു](imglocation/upload/images/2021/Nov/2021-11-19/1637309043.webp)
റിയാദ്: സൗദി അറേബ്യയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധിഖ് (43) ആണ് മരിച്ചത്. അല്‍അഹ്സ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.
കമ്പനിയിലെ ജോലിക്കാരുമായി ജോലി സ്ഥലത്തേക്ക് തിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ഈ സമയം വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതായി സംശയം തോന്നി. ഇക്കാര്യം പരിശോധിക്കാനായി വാഹനം നിർത്തി പുറത്തേക്കിറങ്ങുന്നതിനിടെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം സിദ്ദിഖിനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു.
വാഹനം ഇടിച്ചു തെറിപ്പിച്ച സിദ്ദിഖ് തല്‍ക്ഷണം മരിച്ചു. സിദ്ദിഖിനെ ഇടിച്ച വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കെഎംസിസി ഉൾപ്പെടെയുള്ള വിവിധ മലയാളി സന്നദ്ധ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.