എംഡിഎംഎയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനും പിടിയിൽ
പിടിയിലായത് ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും

ആലപ്പുഴ: ലഹരി മരുന്നും ഉപകരണങ്ങളുമായി നേതാക്കളും പ്രവർത്തകരും പിടിയിൽ. ആലപ്പുഴയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനുമാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്. ആലപ്പുഴയിൽ എംഡിഎംഎയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്നേഷനിൽ നിന്ന് പിടിച്ചെടുത്തത്.
അതേസമയം പത്തനംതിട്ട കുമ്പഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നസീബ് എസ്. ആണ് 300 ഗ്രാം കഞ്ചാവുമായി പിടിയിലായി. ഒരുവർഷം മുമ്പും ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലഹരിക്കെതിരായി എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി ക്ലീൻ സ്ലിറ്റ് എന്ന പേരിൽ പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. ഇതിൽ മുമ്പ് ലഹരിക്കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെ പ്രത്യേകം നിരീക്ഷിച്ചവരുന്നുണ്ട്. അവരുടെ വീടുകളിലടക്കം പരിശോധന നടത്തുന്നുണ്ട്. ഇതിന്റ ഭാഗമായി കുമ്പഴ നസീബ് സുലൈമാൻ എന്ന നസീബ് എസ്. താമസിക്കുന്ന വീട്ടിൽ എക്സൈസ് പരിശോധന നടത്തിയത്. ഇയാളുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിലാണ് 300 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഒരുവർഷം മുമ്പ് ഇയാൾ പത്തനംതിട്ട നഗരത്തിന് സമീപം താമസിച്ചിരുന്ന വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചിരുന്നു.