പുറക്കാമല സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം: പി കെ കൃഷ്ണദാസ്
പുറക്കാമല തകർക്കാൻ മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ ഒത്താശ

ചെറുവണ്ണൂർ: മേപ്പയ്യൂർചെറുവണ്ണൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പുറക്കാമലയ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ നിർവാഹ സമിതി മെമ്പർ പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ജൈവ വൈവിധ്യങ്ങളുടെ കലവറയായ പുറക്കാമല തകർന്നാൽ വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാവും. ആയിരത്തിലധികം വരുന്ന കുടുംബങ്ങളുടെ ജീവിതം താറുമാറാകും. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ നെല്ലറയായിട്ടുള്ള കരുവോട് ചിറയുടെ നാശത്തിനും ഇത് വഴി തെളിയിക്കും. റവന്യൂ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് പുറക്കാ മലയെ തകർക്കാനുള്ള കോറി മാഫിയയുടെ ശ്രമത്തെ ബഹുജനപ്രക്ഷോഭത്തിലൂടെ ബിജെപി ചെറുത്തുതോൽപ്പിക്കും ,എന്നും അദ്ദേഹം പറഞ്ഞു. ആക്ഷൻ കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ നൽകും.റവന്യൂ അധികൃതരും കോറി മാഫിയയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പുറക്കാ മലയെ തകർക്കാൻ ശ്രമിക്കുന്നത്. മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ ഒത്താശയും ഇതിന് പിന്നിലുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ, മാഫിയകൾക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബഹുജന പ്രക്ഷോഭം നടക്കുന്ന പുറക്കാമലയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതാക്കളായ വി കെ സജീവൻ , എം മോഹനൻ മാസ്റ്റർ , സി ആർ പ്രഫുൽകൃഷ്ണൻ, രാമദാസ് മണലേരി, പി പി മുരളി, കെ കെ രജീഷ്, വി കെ ജയൻ, ജുബിൻ ബാല കൃഷ്ണൻ, എം കെ രൂപേഷ്, ഡി കെ മനു,എം പ്രകാശൻ,കെ പ്രദീപൻ, മോഹനൻ ചാലിക്കര, നാരായണൻ നാഗത്തു ,ടി എം ഹരിദാസ് ,ബൈജു കോളറത്ത്,,മധുപുഴയരികത്ത് എന്നിവർ അദ്ദേഹത്തിനെപ്പം ഉണ്ടായിരുന്നു.