സിപിഐഎം ജില്ലാ കമ്മിറ്റിക്കെതിരെ വടകരയിൽ പ്രതിഷേധം
പാർട്ടിയിൽ ഭിന്നിപ്പില്ലെന്നും വടകരയിലേത് കേവലം വൈകാരിക പ്രകടനം എന്നും പി കെ ദിവാകരൻ
മണിയൂർ: പുതിയ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിക്കെതിരെ വടകരയിൽ പ്രതിഷേധം. വടകരയിലെ സിപിഎം നേതാവ് പി കെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ നേതൃത്വത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. മണിയൂർ തുറശ്ശേരി കടവിൽ നടന്ന പ്രകടനത്തിൽ കമ്മിറ്റി അംഗങ്ങളും അനുഭാവികളും അടക്കം അമ്പതോളം പേർ പങ്കെടുത്തു. ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ തന്നെ സാമൂഹ്യ മാധ്യമങ്ങൾ പുതിയ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ ഉയർന്നിരുന്നു. പി കെ ദിവാകരനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് നേതൃത്വത്തിന് കൃത്യമായ വിശദീകരണം നൽകാൻ ഇനിയും സാധിച്ചിട്ടില്ല.
പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടികൾ ഒന്നും നേതൃത്വത്തിൽ നിന്നും ലഭിക്കാത്തതിന് പിന്നാലെയാണ് അമ്പതോളംവരുന്ന ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. അതേസമയം പാർട്ടിയിൽ ഭിന്നിപ്പുണ്ട് എന്ന അഭിപ്രായത്തെ പികെ ദിവാകരൻ തള്ളി. മണിയൂരിൽ ഉണ്ടായത് കേവല വൈകാരിക പ്രകടനം മാത്രമാണ്. പാർട്ടി അനുഭാവികളാണ് പ്രകടനത്തിൽ പങ്കെടുത്തത് ദിവാകരൻ പറഞ്ഞു.