സഡക്ക് റോഡുകളുടെ പ്രവൃത്തി നീളുന്നതിനെതിരെ നടുവണ്ണൂരിൽ യു.ഡി.എഫ്. ബഹുജനപ്രക്ഷോഭം
ജില്ലാ യു.ഡി.എഫ്. ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: സഡക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം നവംബറിൽ പ്രവൃത്തി ആരംഭിച്ച നടുവണ്ണൂർ - കൊട്ടാരമുക്ക് നടുവണ്ണൂർ പാലോളിമുക്ക് ഗ്രാമീണ റോഡുകളുടെ ടാറിംഗ് ഉൾപ്പെടെ അനന്തമായി നീളുന്നതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചു. വാകയാട് - തിരുവോട് - പാലോളി മേഖല യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബഹുജന റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലാ യു.ഡി.എഫ്. ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. സഡക്ക് റോഡുകളുടെ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, പഞ്ചായത്ത് ഭരണ സമിതികളുടെ പിടിപ്പുകേടാണ് യു.എൽ.സി.സി. പദ്ധതി വൈകിപ്പിച്ച് കൊണ്ടുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബറിൽ പണി പുനരാരംഭിച്ച് ഡിസംബർ 30 നകം പൂർത്തീകരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാകയാട് പതിനൊന്ന് കണ്ടിയിൽ നിന്നാരംഭിച്ച ബഹുജന റാലി ഹൈസ്കൂൾ ജംങ്ഷനിൽ സമാപിച്ചു. റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ആക്ഷൻ കമ്മറ്റി ചെയർമാൻ കെ.കെ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സൈദ് വാകയാട് സ്വാഗതവും ഹരിത് പോയിൽ നന്ദിയും പറഞ്ഞു.
യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ നിസാർ ചേലേരി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.എം. കൃഷ്ണകുമാർ, വാർഡ് മെമ്പർമാരായ ഇ. അരവിന്ദാക്ഷൻ, കെ. ഷംന, സി.എച്ച്. സുരേന്ദ്രൻ, എം.കെ. അബദുസമദ്, ടി.കെ. ചന്ദ്രൻ, ചേലേരി മമ്മുക്കുട്ടി, എം. പോക്കർ കുട്ടി, സി.കെ. അശോകൻ, വി.പി. ഗോവിന്ദൻകുട്ടി, കെ. അബ്ദുൽ മജീദ്, പ്രിയേഷ് തിരുവോട്, സജ്ന ചിറയിൽ, എം. ബഷീർ, കെ.പി. ഹനീഫ, കെ.വി. സുരേഷ്, സി.പി. നൗഷാദ്, എം.പി. ജാഫർ, മുനീർ കാരോൽ, റസാഖ് കൊളോറത്ത്, സഫൈദ് പാലോളി എന്നിവർ സംസാരിച്ചു.