നവീൻ ബാബുവിൻ്റെ ആത്മഹത്യ; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം; കെ.സി. അബു
ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി. മിസ്ഹബിന് കീഴരിയൂരിൽ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണം മുൻ ഡി.സി.സി. പ്രസിഡൻ്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: കേരളത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് വരെ രക്ഷയില്ലെന്നും നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും മുൻ ഡി.സി.സി. പ്രസിഡൻ്റ് കെ.സി. അബു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന് നവീൻ ബാബുവിൻ്റെ മരണത്തിൽ പങ്കുണ്ടെന്ന് ജനത്തിന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിൽ റിമാൻഡിലായ ശേഷം ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി. മിസ്ഹബിന് ജന്മനാടായ കീഴരിയൂരിൽ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ ടി.യു. സൈനുദീൻ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, കെ.എം. സുരേഷ് ബാബു, ടി. കുട്ട്യാലി എന്നിവർ പ്രസംഗിച്ചു.