അടിപാത സമരത്തെ ഒറ്റിയ എം.എൽ.എ. മാപ്പു പറയണം; വി.പി. ദുൽഖിഫിൽ
എം.എൽ.എ. നിയമസഭയിൽ നടത്തിയ പരാമർശം ജനങ്ങളെ അപമാനിക്കുന്നത്
പയ്യോളി: അടിപ്പാത സമരത്തിനെതിരെ പോലീസ് സ്വീകരിച്ച നടപടിയെ ന്യായീകരിക്കുന്ന രീതിയിൽ നിയമസഭയിൽ സംസാരിച്ച കൊയിലാണ്ടി എം.എൽ.എ. സമര പോരാളികളോടും സമൂഹത്തോടും മാപ്പ് പറയണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ. തിക്കോടി അടിപ്പാതയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി എം.എൽ.എ. നിയമസഭയിൽ നടത്തിയ പരാമർശം ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. രണ്ടുവർഷക്കാലം വളരെ സമാധാനപരമായി സമരം ചെയ്ത ജനങ്ങളെ അവഹേളിക്കുന്ന സമീപനമാണ് എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ യാതൊരു ഉത്തരവുമില്ലാതെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സമാധാനപരമായി സമരം ചെയ്ത ജനങ്ങളെ പോലീസ് ക്രൂരമായി നേരിട്ടത്. സ്വന്തം പാർട്ടിയിലെ നേതാക്കന്മാർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റിട്ടുണ്ട്. അതുപോലും കണ്ടില്ലെന്ന് നടിച്ച് സി.പി.എമ്മിലെ ഒരു വിഭാഗം കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന് എം.എൽ.എ. കൂട്ടുനിൽക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം എം.എൽ.എയുടെ പാർട്ടിയിൽ നിന്നു തന്നെ ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എയുടെ നിയമസഭയിലെ നിലപാടിനോട് സമരസമിതിക്കുള്ള അഭിപ്രായം എന്താണെന്നറിയാൻ പൊതുസമൂഹത്തിന് ആഗ്രഹം ഉണ്ടെന്നും ദുൽഖിഫിൽ പറഞ്ഞു.