സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അതീവ ഗൗരവതരം; പാറക്കൽ അബ്ദുല്ല
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു
മേപ്പയൂർ: സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം അതീവ ഗൗരവതരമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല. രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചുവെച്ചത് ഗുരുതരമായ തെറ്റാണെന്നും, ജനങ്ങളെ ഇരുട്ടിൽ നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും, മാത്രവുമല്ല ഒരു സമുദായത്തെ സംശയത്തിൻ്റെ നിഴലിൽ നിർത്താനുള്ള ഗൂഢശ്രമവുമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മേപ്പയൂർ പാലിയേറ്റീവ് കെയർ സെന്ററിൽ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണവും പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. അഹമ്മദ് സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ഹൈസം ഹസൻ ഹുദവി ഖിറാഅത്ത് നടത്തി. ഫോർ വയനാട് കലക്ഷനിലേക്ക് ഏറ്റവും കൂടുതൽ ഫണ്ട് സമാഹരണം നടത്തിയ കീഴ്പ്പയൂർ വെസ്റ്റ്, ജനകീയമുക്ക്, കീഴ്പ്പയൂർ നോർത്ത് ശാഖാ കമ്മിറ്റികൾക്കും, മികച്ച വൈറ്റ് ഗാർഡായി തെരഞ്ഞെടുത്ത വി.വി. നസ്റുദ്ദീനും ഖത്തർ കെ.എം.സി.സി. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ മൊമന്റോ പാറക്കൽ അബ്ദുല്ല വിതരണം ചെയ്തു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. എ.വി. അബ്ദുല്ല, എം.എം. അഷറഫ്, കെ.എം.എ. അസീസ്, ടി.കെ.എ. ലത്തീഫ്, എം.കെ. അബ്ദുറഹിമാൻ, ഷർമിന കോമത്ത്, ടി.എം. അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, കെ.കെ. പുഷ്പ എന്നിവർ സംസാരിച്ചു.