തിക്കോടി അടിപ്പാത വിഷയത്തിൽ സി.പി.ഐ.എം. ഒളിച്ചുകളി അവസാനിപ്പിക്കണം; വി.പി. ദുൽഖിഫിൽ
അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർക്കും നാഷണൽ ഹൈവേ അധികാരികൾക്കും കത്ത് നൽകാൻ ഭരണസമിതിയിൽ ആവശ്യം ഉന്നയിച്ചു

തിക്കോടി: അടിപ്പാത വിഷയത്തിൽ സി.പി.ഐ.എം. ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ. തിക്കോടിയിൽ അണ്ടർ പാസ് അനുവദിക്കാൻ വേണ്ടി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 19ന് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് കത്ത് നൽകിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ രണ്ട് സ്ഥാപനങ്ങളായ നാളികേര വിത്തുല്പാദന കേന്ദ്രവും, മണ്ണ് പരിശോധന കേന്ദ്രവും നിലനിൽക്കുന്നതിനാൽ നൂറുകണക്കിന് ഉപഭോക്താക്കളാണ് ഈ സ്ഥാപനങ്ങളിൽ ദിവസേന വന്നുകൊണ്ടിരിക്കുന്നത്.
കൂടാതെ കഴിഞ്ഞ രണ്ടു വർഷക്കാലമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമായി അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർക്കും നാഷണൽ ഹൈവേ അധികാരികൾക്കും കത്ത് നൽകാൻ ഭരണസമിതിയിൽ ആവശ്യം ഉന്നയിച്ചു. നിർഭാഗ്യവശാൽ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത കാരണങ്ങൾ പറഞ്ഞുകൊണ്ട് പഞ്ചായത്ത് രാജ് നടപടികളുടെ ഒരു ചട്ടവും പാലിക്കാതെ കത്ത് പരിഗണിക്കാതെ മാറ്റിവെക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഒരു ഭാഗത്ത് സി.പി.ഐ.എം. മുൻകൈയെടുത്ത് പൊതുമരാമത്ത് മന്ത്രിയെക്കൊണ്ട് അണ്ടർ പാസ് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറയുകയും മറുഭാഗത്ത് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ മറ്റൊരു നിലപാട് സ്വീകരിക്കുകയും ചെയുന്നത് തിക്കോടി പഞ്ചായത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണ്. സങ്കുചിതമായ രാഷ്ട്രീയ താല്പര്യമാണ് ഇതിന്റെ പിന്നിലെങ്കിൽ ജനങ്ങൾ അത് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലക്ടറുടെ നിലപാടും ജില്ലാ പഞ്ചായത്തിന്റെ നിലപാടും ഒരേപോലെ ആവുന്നത് ഏത് അജണ്ടയുടെ ഭാഗമാണ് എന്നൊക്കെ മനസ്സിലാക്കാനുള്ള വിവരവും വിവേകവും ജനങ്ങൾക്കുണ്ട് എന്ന തിരിച്ചറിവ് ഭരണകൂടവും സർക്കാറും മനസ്സിലാക്കണം. ഇതുകൊണ്ടൊന്നും തിക്കോടിയിലെ സമരവീര്യത്തെ തകർക്കാൻ സാധിക്കില്ല എന്നും വി.പി. ദുൽഖിഫിൽ പ്രസ്താവനയിൽ അറിയിച്ചു