headerlogo
politics

മേപ്പയൂർ - നെല്ല്യാടി - കൊല്ലം റോഡ് നവീകരണം; എം.എൽ.എ. ഓഫീസിലേക്ക് സെപ്റ്റംബർ 2 ന് യു.ഡി.എഫ് മാർച്ച്

സംയുക്ത സമര സമിതി യോഗം യു.ഡി.എഫ്. പേരാമ്പ്ര നിയോജക മണ്ഡലം ചെയർമാൻ ടി.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു

 മേപ്പയൂർ - നെല്ല്യാടി - കൊല്ലം റോഡ് നവീകരണം; എം.എൽ.എ. ഓഫീസിലേക്ക് സെപ്റ്റംബർ 2 ന് യു.ഡി.എഫ് മാർച്ച്
avatar image

NDR News

30 Aug 2024 12:18 PM

മേപ്പയൂർ: ഒന്നാം പിണറായി സർക്കാർ കാലത്ത് പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ മന്ത്രിയായിരിക്കെ കിഫ്ബിയിൽ ഉൾപ്പെടുത്തി കൊട്ടിഘോഷിച്ച് നാടുനീളെ പോസ്റ്റർ പ്രചരണം നടത്തിയ മേപ്പയൂർ - നെല്ല്യാടി - കൊല്ലം റോഡ് 10 മീറ്റർ വീതിയാക്കുന്നതിനുള്ള സർവ്വേ നടപടികൾ പൂർത്തിയാക്കാതെ വഴിമുട്ടി നിൽക്കുന്നു. 39 കോടി രൂപ വകയിരുത്തിയതല്ലാതെ മേൽ സൂചിപ്പിച്ച ടെന്റർ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതു കാരണം വാഹനഗതാഗതവും, കാൽനട യാത്രയും താറുമാറായ സ്ഥിതിയിലാണ്.

      മേപ്പയൂർ, കീഴരിയൂർ യു.ഡി.എഫ്. കമ്മിറ്റികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മേപ്പയൂരിലും, കീഴരിയൂരും പ്രതിഷേധ വിശദീകരണ പൊതുയോഗങ്ങളും, കൊയിലാണ്ടി പൊതുമരാമത്ത് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ വ്യത്യസ്ഥ ദിവസങ്ങളിൽ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചിരുന്നു. അതിനു ശേഷം ജില്ലാ കലക്ടറുടെ ഇടപെടൽ മൂലം വാട്ടർ അതോറിറ്റി അത്യാവശ്യം പാച്ച് വർക്കുകൾ നടത്തി മുന്നോട്ടു പോകുകയല്ലാതെ മറ്റൊരു തുടർ നടപടിയും എം.എൽ.എയോ ബന്ധപ്പെട്ടവരോ ചെയ്യുന്നില്ല. 

       ഇതിൽ പ്രതിഷേധിച്ച് മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റികൾ സംയുക്തമായി മേപ്പയൂർ ഇന്ദിരാഭവനിൽ യോഗം ചേർന്ന് സംയുക്ത സമര സമിതിക്ക് രൂപം നൽകി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സെപ്റ്റംബർ 2 ന് പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണന്റെ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. സമര സമിതി യോഗം പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ ടി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ്. കൺവീനറും കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ഇടത്തിൽ ശിവൻ അദ്ധ്യക്ഷനായി. മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കൺവീനർ എം.കെ. അബ്ദുറഹിമാൻ സ്വാഗതവും, മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. അനീഷ് നന്ദിയും പറഞ്ഞു. 

      മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ, കീഴരിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റും പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാനുമായ ടി.യു. സൈനുദ്ദീൻ, ടി.എം. അബ്ദുള്ള, റസാഖ് കുന്നുമ്മൽ, സി.പി. നാരായണൻ, ജി.പി. പ്രീജിത്ത്, അന്തേരി ഗോപാലകൃഷ്ണൻ, വേലായുധൻ കീഴരിയൂർ, ഒ.കെ. കുമാരൻ എന്നിവർ സംസാരിച്ചു. സമര സമിതിയുടെ ചെയർമാനായി പറമ്പാട്ട് സുധാകരനേയും, കൺവീനറായി ടി.യു. സൈനുദ്ദീനേയും തെരഞ്ഞെടുത്തു.

NDR News
30 Aug 2024 12:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents