ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിലെ ഇലക്ഷൻ അട്ടിമറി; നീതി പൂർവ്വമായ പാർലമെന്റ് നടക്കാതെ യാതൊരു സഹകരവുമില്ല: യു.ഡി എഫ്.
യു.ഡി.എഫ്. പ്രതിനിധികളുടെ രാജിയിൽ ഉറച്ചുനിൽക്കും
മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ എസ്.എം.സി. ചെയർമാൻ ഉൾപ്പെടെ രാജി വെച്ച എല്ലാ യു.ഡി.എഫ്. എസ്.എം.സി., പി.ടി.എ. അംഗങ്ങളുടെയും രാജിയിൽ ഉറച്ചുനിൽക്കുമെന്നും, നീതിപൂർവ്വമായി പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ സ്കൂളുമായി യാതൊരു സഹകരണവുമുണ്ടാവില്ലെന്നും യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മേപ്പയൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന യു.ഡി.എസ്.എഫ്. വിജയം എസ്.എഫ്.ഐ. അട്ടിമറിച്ചതിൽ പ്രതിഷേധിച്ചായിരുന്നു രാജി.
ആദ്യ കൗണ്ടിംഗിൽ യു.ഡി.എസ്.എഫ്. പ്രതിനിധികൾ വിജയിച്ച ഘട്ടത്തിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകരുടെ ഒത്താശയോടെ റീകൗണ്ടിംഗ് എന്ന വ്യാജേന എസ്.എഫ്.ഐ. മുന്നണി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രതിനിധികളായ എസ്.എം.സി. ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എം.എം. അഷറഫ്, രാജേഷ് കൂനിയത്ത്, അൻവർ കുന്നങ്ങാത്ത്, സറീന ഓളോറ, റാബിയ എടത്തുക്കണ്ടി, ജിഷ മൂന്നടി, കെ. സിറാജുദ്ദീൻ എന്നിവർ അവരവരുടെ എക്സിക്യൂട്ടീവ് അംഗത്വവും രാജി വെക്കുകയായിരുന്നു.
തുടർന്ന് യു.ഡി.എസ്.എഫ്. വിദ്യാർത്ഥികൾ മേൽ വിഷയത്തിൽ നീതി ലഭിക്കാത്തതു കാരണം തിങ്കളാഴ്ച സൂചന പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായി പ്രിൻസിപ്പാളും, പ്രധാന അദ്ധ്യാപകരും തികളാഴ്ച സ്കൂളിന് അവധി പ്രഖ്യാപിക്കുകയും യു.ഡി.എഫ്. നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ചർച്ചയിൽ യു.ഡി.എഫ്. ചെയർമാൻ സുധാകരൻ പറമ്പാട്ട്, കൺവീനർ എം.കെ. അബ്ദുറഹിമാൻ, ഡി.സി.സി. സെക്രട്ടറി ഇ. അശോകൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. അനീഷ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കന്മന അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.എം. അഷറഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സ്കൂൾ മേലധികാരികളിൽ നിന്നും നീതി ലഭ്യമാവുന്നതുവരെ യു.ഡി.എഫ് പ്രതിനിധികൾ പി.ടി.എ., എസ്.എം.സിയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുകയില്ലെന്നും സൂചിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠിപ്പുമുടക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥി നേതാക്കളുടെ പ്രത്യേക യോഗങ്ങൾക്കുശേഷം സ്കൂൾ മേലധികാരികളുടെ അഭ്യർത്ഥന മാനിച്ച് ബുധനാഴ്ച മുതലുളള പഠിപ്പുമുടക്ക് ഉപേക്ഷിക്കാനും തീരുമാനിച്ചു.