തങ്കമല ക്വാറി; മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്ക്
മുസ്‌ലിം ലീഗ് എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു
മേപ്പയൂർ: തങ്കമലയിൽ അശാസ്ത്രീയമായ രീതിയിലുള്ള ഖനനം വർഷങ്ങളായി തുടരുകയാണ്. ഇതിന്റെ അപകടാവസ്ഥ ജനത്തിന്റേയും അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഭരണത്തിന്റെ ഒത്താശയോടെ ഖനന പ്രവർത്തനങ്ങൾ അഭംഗുരം തുടരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമ്മതത്തോടെയാണ് ഈ അശാസ്ത്രീയ ഖനനം നടക്കുന്നത്. സി.പി.എം. ഭരിക്കുന്ന തുറയൂർ, കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതികൾ പ്രതിഷേധങ്ങളെല്ലാം അവഗണിച്ച് ജനത്തെ വെല്ലുവിളിച്ചു കൊണ്ടാണ് സ്വകാര്യ വ്യക്തികൾക്ക് തഴച്ചു വളരാൻ ഉതകുന്ന ക്വാറി അനുമതി നൽകുന്നത്.
ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് ക്വാറി ഉടമകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. 'ഇങ്ങനെ പ്രതിഷേധിച്ചാലും തടസ്സപ്പെടുത്തിയാലും കേസുകൾ ഡൽഹിയിലേക്ക് പോകുമെന്നും അത് തങ്ങൾക്ക് ബുദ്ധി മുട്ട് സൃഷ്ടിക്കുമെന്നുമാണ്' പരിസരവാസികളോടുള്ള ഭീഷണി. തങ്കമലയുടെ ദുരവസ്ഥയ്ക്കെതിരെ പല ഘട്ടങ്ങളിലും മുസ്‌ലിം ലീഗ് ഒറ്റയ്ക്കും സംയുക്തമായും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും, അധികാരികളുടേയും മാധ്യമങ്ങളുടേയും, ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം. രംഗത്ത് വന്നു കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുക പതിവാണെന്നും മുസ്‌ലിം ലീഗ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം യു.ഡി.എഫ്. പ്രതിനിധിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി.പി. ദുൽക്കിഫിലും സംഘവും സംഭവ സ്ഥലം സന്ദർശിക്കുകയും, പത്ര വാർത്തയായി കളക്ടർക്ക് പരാതി നൽകുകയും, പരാതിയിൽ വേണ്ടത് ചെയ്യാമെന്ന് ഉറപ്പും കൊടുത്തു. തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വം ക്വാറി സന്ദർശിച്ചു ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി ജനത്തെ ആശ്വസിപ്പിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യജീവനും പരിസ്ഥിതിക്കും ഭീഷണിയാവുന്ന ഇത്തരം ക്വാറി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നുള്ള തീരുമാനങ്ങൾ ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുള്ള നിലപാട് ശുഭോതർക്കമാണ്.
മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തങ്കമല ക്വാറിയിലെ അശാസ്ത്രീയമായ ഖനനത്തിനെതിരെ ശക്തമായ സമര പരിപാടികളും ബോധവത്കരണവുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുനീർ കുളങ്ങര, കോവുമ്മൽ അലി, സികെഅസീസ്, പാട്ടകുറ്റി മൊയ്തീൻ, നസീർ പൊടിയടി, പി.ടി. അബ്ദുറഹിമാൻ, സി.എ. നൗഷാദ്, കുറ്റിയിൽ റസാക്ക്, ഒ.എം. റസാക്ക്, പടന്നയിൽ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.