നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ അട്ടിമറിച്ച ഐ.ടി. അദ്ധ്യാപികയെ പുറത്താക്കുക; ഡി.വൈ.എഫ്.ഐ.
തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിൻ്റെ വിജയത്തിനായി സ്കൂളിലെ കോൺഗ്രസ് അനുകൂല അദ്ധ്യാപകരും, ഐ.ടി. അദ്ധ്യാപികയും ഇടപെട്ടെന്നും ഡി.വൈ.എഫ്.ഐ.
നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ പാർലമെൻ്റ് ഇലക്ഷൻ അട്ടിമറിച്ച ഐ.ടി. അദ്ധ്യാപികയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ. നടുവണ്ണൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിൻ്റെ വിജയത്തിനായി സ്കൂളിലെ കോൺഗ്രസ് അനുകൂല അദ്ധ്യാപകരും, ഐ.ടി. അദ്ധ്യാപികയും ഇടപെട്ടിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ക്ലാസുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന വിദ്യാർത്ഥി പ്രതിനിധികളോട് കെ.എസ്.യു. നോമിനികളായ സ്കൂൾ ചെയർമാനെയും, മറ്റു ജനറൽ സീറ്റുകളിൽ മത്സരിക്കുന്ന കെ.എസ്.യു. സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തി. കോൺഗ്രസ്സ് അനുകൂല അദ്ധ്യാപക സംഘടനയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർ മുൻപും അവരുടെ രാഷ്ട്രീയം വിദ്യാർത്ഥികൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും കെ.എസ്.യു. അല്ലാത്ത വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയാണന്നും നേതാക്കൾ ആരോപിച്ചു. ജനാധിപത്യ രീതിയിൽ നടക്കേണ്ട സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച ഐ.ടി. അദ്ധ്യാപികയെ പുറത്താക്കുകയും, അദ്ധ്യാപകർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. നടുവണ്ണൂർ മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപെട്ടു.