വോളിബോൾ അക്കാദമിയിലെ മാലിന്യ പ്രശ്നം; പ്രത്യേക ഭരണസമിതി യോഗം അലങ്കോലപ്പെട്ടു
നടുവണ്ണൂരിൽ യു.ഡി.എഫ്. നേതൃത്വത്തിൽ പ്രകടനം നടത്തി
നടുവണ്ണൂർ: കാവിൽ വോളിബോൾ അക്കാദമിയിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുകയും പരിസരത്തെ കിണറുകൾ മലിനമാവുകയും ചെയ്ത സാഹചര്യത്തിൽ വിളിച്ചുചേർത്ത പ്രത്യേക ഭരണ സമിതി യോഗം യു.ഡി.എഫ്. മെമ്പർമാരുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചു. അക്കാദമി പരിസരത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷന് ശേഷവും ഇ-കോളി സാന്നിധ്യമുണ്ട്.
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയാണ് യു.എൽ.സി.സി.എസ്. കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ടെക്നിക്കൽ കൺസൾട്ടൻസി കിറ്റ്കോയ്ക്കാണ്. ഗ്രാമപഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ് ലഭിക്കാതെയാണ് 3666 സ്ക്വയർ മീറ്റർ വരുന്ന കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും അശാസ്ത്രീയമായ നിർമ്മാണമാണ് മാലിന്യ ചോർച്ചയ്ക്ക് കാരണമെന്നും ഒരു മാസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് ഒരു നടപടിയും പഞ്ചായത്ത് കൈകൊണ്ടിട്ടില്ലെന്നും യു.ഡി.എഫ്. മെമ്പർമാർ ആരോപിച്ചു.
വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനം പൂർണ്ണമായ ഫിറ്റ്നസ് ഇല്ലാതെ ആരംഭിക്കുന്നത് ദുരന്തത്തിൽ കലാശിക്കുമെന്ന് മെമ്പർമാർ മുന്നറിയിപ്പ് നൽകി. ഇതുവരെ എടുത്ത നടപടികൾ എന്തെന്ന് വിശദീകരിക്കാനോ തുടർ നടപടികൾ വ്യക്തമാക്കാനോ പ്രസിഡൻ്റിനും സെക്രട്ടറിക്കും കഴിയാത്ത സാഹചര്യത്തിൽ മെമ്പർമാർ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. സജീവൻ മക്കാട്ട്, ടി. നിസാർ, സദാനന്ദൻ പാറക്കൽ,
സൗദ കെ.കെ., സജ്നാ അക്സർ, ധന്യ സതീശൻ എന്നീ മെമ്പർമാരാണ് ഇറങ്ങിപ്പോയത്. തുടർന്ന് പ്രശ്നങ്ങൾ കൃത്യമായവതരിപ്പിച്ച മെമ്പർമാർക്ക് അഭിവാദ്യമർപ്പിച്ചും, ഗ്രാമ പഞ്ചായത്തിൻ്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചും യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും ടൗണിൽ പ്രകടനം നടത്തി.
പ്രകടനത്തിന് കെ. രാജീവൻ, അഷ്റഫ് പുതിയപ്പുറം, എ.പി. ഷാജി, എം.കെ. ജലീൽ, സത്യനാഥൻ മേലേടത്ത്, ഷബീർ നെടുങ്കണ്ടി, ബഷീർ കെ.എം., സുഹാജ് നടുവണ്ണൂർ, സത്യൻ കുളിയാപ്പൊയിൽ, സി.കെ. പ്രദീപൻ, നുസ്രത്ത് ബഷീർ, എം.കെ. ബാബു, വിനോദ് പാലയാട്ട്, കൃഷ്ണദാസ്, പീതാംബരൻ, ഹരികൃഷ്ണൻ, അജിത് കുമാർ വി.പി., ശശീന്ദ്രൻ, രവി കിഴക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.