മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധം
നീതിപൂർവ്വമായ പരിഹാരമുണ്ടാവുന്നതുവരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് യു.ഡി.എഫ്.

മേപ്പയൂർ: മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സി.പിഎമ്മിന്റെ ഒത്താശയോടെ അട്ടിമറിച്ച സ്കൂൾ അധികൃതരുടെ നടപടിയിൽ യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ക്ലാസ്സ് തല ഇലക്ഷനിൽ 87ൽ 46 സീറ്റ് നേടി യു.ഡി.എസ്.എഫ്. ആണ് വിജയിച്ചത്. തുടർന്ന് ഉച്ചക്കുശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 10 ൽ 9 സീറ്റിലും യു.ഡി.എസ്.എഫ്. വിദ്യാർത്ഥികൾ വിജയിച്ചതായി അറിയാൻ കഴിഞ്ഞു.
എന്നാൽ യു.ഡി.എസ്.എഫിന് അനുകൂലമായ ഈ വിജയം അംഗീകരിക്കാതെ സി.പി.എമ്മിന്റെയും, സി.പി.എം. അനുകൂല അദ്ധ്യാപക സംഘടനകളുടെയും സമ്മർദ്ദത്തിന് വഴങ്ങി ഏകപക്ഷീയമായി എസ്.എഫ്.ഐ. 8 സീറ്റിൽ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. സ്കൂൾ അധികൃതരുമായി സംസാരിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മേലിൽ ഇത്തരത്തിലുള്ള പിഴവ് സംഭവിക്കുകയില്ലായെന്ന് അറിയിക്കുകയുമാണ് ചെയ്തത്. ആയതിനാൽ ജനാധിപത്യ വിരുദ്ധമായ രീതിയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ജനാധിപത്യ രീതിയിൽ നിഷ്പക്ഷമായി വീണ്ടും പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ അനീതിയെ ചോദ്യം ചെയ്ത മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റിയാസ് മലപ്പാടി എന്നിവരെ സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി മെമ്പർ എ.സി. അനൂപിന്റെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു പരിക്കേൽപ്പിച്ചു. ഈ കാര്യത്തിൽ നീതിപൂർവ്വമായ പരിഹാരമുണ്ടാവുന്നതുവരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകാൻ യു.ഡി.എഫ്. തീരുമാനിച്ചു.
ഇതു സംബന്ധിച്ച് മേപ്പയൂർ ഇന്ദിരാഭവനിൽ ചേർന്ന പത്രസമ്മേളത്തിൽ യു.ഡി.എഫ്. പഞ്ചായത്ത് കൺവീനർ എം.കെ. അബ്ദുറഹിമാൻ, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്, മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. അനീഷ്, മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് ടി.എം. അബ്ദുള്ള, പുതുക്കുളങ്ങര സുധാകരൻ, കെ.പി. വേണുഗോപാൽ, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, ഷബീർ ജന്നത്ത്, ശ്രീനിലയം വിജയൻ, സറീന ഒളോറ, റാബിയ എടത്തുക്കണ്ടി, പൂക്കോട്ട് ബാബുരാജ്, കീഴ്പോട്ട് പി. മൊയ്തി, എടയിലാട്ട് ഉണ്ണികൃഷ്ണൻ, സി.എം. ബാബു എന്നിവർ പങ്കെടുത്തു.