headerlogo
politics

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റിഹാൾ തുറന്നു കൊടുക്കാത്തതിൽ ഭരണ സമിതി യോഗത്തിൽ പ്രതിഷേധം

പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

 കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റിഹാൾ തുറന്നു കൊടുക്കാത്തതിൽ ഭരണ സമിതി യോഗത്തിൽ പ്രതിഷേധം
avatar image

NDR News

25 Jul 2024 07:15 PM

മേപ്പയൂർ: കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റിഹാൾ തുറന്നുകൊടുക്കാത്തതിൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹളവും പ്രതിപക്ഷ മെമ്പർമാരുടെ വാക്കൗട്ടും പ്രതിഷേധ പ്രകടനവും. കീഴരിയൂർ പഞ്ചായത്ത് ഭരണ സമതി യോഗത്തിലാണ് പ്രതിഷേധ രംഗങ്ങൾ അരങ്ങേറിയത്. ആറു വർഷമായി അടച്ചിട്ടിരിക്കുന്ന കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്ന കോൺഗ്രസ് പഞ്ചായത്ത് അംഗം ഇ.എം. മനോജിൻ്റെ അജണ്ടയിൽ ഉന്നയിച്ച ചോദ്യം ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചതാണ് ബഹളത്തിന് കാരണമായത്. 

       ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാളിൽ ടോയ്ലറ്റ് പണിയണമെന്നും ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് അതിൻ്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയാൽ മാത്രമേ കമ്യൂണിറ്റി ഹാൾ തുറന്നുകൊടുക്കകയുള്ളൂ എന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മലയുടെ മറുപടി പ്രതിപക്ഷാംഗങ്ങളെ പ്രകോപിതരാക്കുകയായിരുന്നു. ആറു വർഷമായിട്ടും പഞ്ചായത്ത് ടോയ്ലറ്റ് പണിയാഞ്ഞത് എന്തുകൊണ്ടാണെന്നും ഫണ്ട് ഇല്ലെങ്കിൽ ടോയ്ലറ്റ് നിർമ്മാണത്തിന് ജനകീയ സമാഹരണത്തിലൂടെ ഫണ്ടുണ്ടാക്കി തരാമെന്ന പ്രതിപക്ഷ നേതാവ് കെ.സി. രാജന്റെ ഭരണസമിതി യോഗത്തിലെ നിർദ്ദേശത്തെ അവഗണിച്ചതോടെ യു.ഡി.എഫ്. പഞ്ചായത്ത് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇറങ്ങിപോക്ക് നടത്തുകയായിരുന്നു. 

      തുടർന്ന് കീഴരിയൂർ സെൻ്ററിൽ നടന്ന പ്രകടനത്തിനു ശേഷം പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.സി. രാജൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഇ.എം. മനോജ്, കുറ്റ്യോയത്തിൽ ഗോപാലൻ, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹി കെ.കെ. സത്താർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഇടത്തിൽ രാമചന്ദ്രൻ, ജി.പി. പ്രീജിത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ടി.എ. സലാം, യു.ഡി.എഫ്. നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ഒ.കെ. കുമാരൻ, കെ.എം. വേലായുധൻ, പി.കെ. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.

NDR News
25 Jul 2024 07:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents