headerlogo
politics

കല്ലകത്ത് ബീച്ച് റോഡ് വെള്ളത്തിൽ മുങ്ങി; ദുരിത പരിഹാരത്തിനായി കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരത്തിൽ

നാലാം ദിവസത്തെ സമാപനം ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു

 കല്ലകത്ത് ബീച്ച് റോഡ് വെള്ളത്തിൽ മുങ്ങി; ദുരിത പരിഹാരത്തിനായി കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരത്തിൽ
avatar image

NDR News

03 Jul 2024 08:58 PM

തിക്കോടി: ഗ്രാമപഞ്ചായത്തിൽ നിന്നും ടൂറിസ്റ്റ് കേന്ദ്രമായ കല്ലകത്ത് ബീച്ചിലേക്കു പോകുന്ന തീരദേശ റോഡ് ആഴ്ചകളായി വെള്ളക്കെട്ടിൻ്റെ ദുരിതം പേറുകയാണ്. ഈയൊരു ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ വേണ്ടി തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദിവസങ്ങളായി നടത്തുന്ന ഉപവാസ സമരം ഇനിയും പ്രതീക്ഷയുടെ മുനമ്പിൽ എത്തിയിട്ടില്ല. സമരത്തിൻ്റെ നാലാം ദിവസത്തെ സമാപനം പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഇബ്രാഹിം തിക്കോടി സമര ഭടന്മാർക്ക് കുടിനീർ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ മുഖ്യാതിഥിയായി. 

      സന്തോഷ് തിക്കോടി, ജയേന്ദ്രൻ തെക്കേക്കൂറ്റി, കെ.പി. രമേശൻ, രാജീവൻ കൊടലൂർ, ഒ.കെ. മോഹനൻ, പി.എം. അച്യുതൻ, സനീർ വില്ലൻകണ്ടി, രാജീവൻ മഠത്തിൽ, ബിനു കരോളി, സുബീഷ് പള്ളിത്താഴ, പി.കെ. ചോയി, രമേശൻ വണ്ണാത്തികുനി, അച്യുതൻ ആളങ്ങാരി, സനീഷ് തട്ടാരി, ലിഷ, നിഷ, നിസാർ കാളംകുളം, നാജി, കുഞ്ഞമ്മദ് കുളങ്ങര, ശ്രീജ എന്നിവർ സംസാരിച്ചു.

      നാഷണൽ ഹൈവെ വികസനത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് നിർമ്മാണ പ്രവർത്തിയിലെ അപാകത മൂലമാണ് തിക്കോടി പഞ്ചായത്ത് ബസാറിൽ രൂപംകൊണ്ട വെള്ളക്കെട്ടിന്റെ കെടുതി പരിസരത്തുള്ള വീടുകളെയും, വില്ലേജ് ഓഫീസ്, സർവീസ് സഹകരണ ബാങ്ക്, സാംസ്കാരിക നിലയം, പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങൾ എന്നിവയെ ഗുരുതരമായി ബാധിച്ചത്. 14, 15 വാർഡുകളിലെ ജനങ്ങൾക്ക് ടൗണുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയും വന്നിരിക്കയാണ്. കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളായി ഇതേ അവസ്ഥ തുടരുകയാണ്. വില്ലേജ് ഓഫീസിലെയും സഹകരണ ബാങ്കിലേയും കമ്പ്യൂട്ടർ പോലും പ്രവർത്തന രഹിതമായി. യാതൊരുവിധ ഇടപാടും നടത്താനാകാതെ ബാങ്കും, വില്ലേജ് ഓഫീസും അടഞ്ഞുകിടക്കുകയാണ്. കച്ചവട സ്ഥാപനങ്ങളാകട്ടെ, നിശ്ചലാവസ്ഥയിലുമാണ്. 

      ലക്ഷക്കണക്കായ രൂപയാണ് ഇതിലൂടെ കച്ചവടക്കാർക്ക് നഷ്ടമായിട്ടുള്ളതെന്നും അറിയുന്നു. കല്ലകത്ത് ടൂറിസ്റ്റ് ബീച്ചിലേക്ക് പോകുന്ന പ്രസ്തുത റോഡിലൂടെ വാഹനങ്ങൾക്ക് പോകാനോ, വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും സഞ്ചരിക്കാനോ ആകാത്ത അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. വെള്ളക്കെട്ട് കാരണം കല്ലകത്ത് ബീച്ചിലേക്കുള്ള വിനോദയാത്രക്കാരും ഒഴിഞ്ഞു പോയിരിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് ശക്തമായ പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി പ്രക്ഷോഭസമരങ്ങൾ ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.

NDR News
03 Jul 2024 08:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents