പരാജയ ഭീതിയിൽ സി.പി.എം. വർഗീയ പ്രചാരണം നടത്തുന്നു: സി.വി. ബാലകൃഷ്ണൻ
എ.കെ. കൃഷ്ണൻ മാസ്റ്റർ അനുസ്മരണം കെ.പി.സി.സി. അംഗം സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

അരിക്കുളം: വടകരയിൽ പരാജയ ഭീതിയിൽ സി.പി.എം. വർഗീയ പ്രചാരണം നടത്തുകയാണെന്ന് കെ.പി.സി.സി. അംഗം സി.വി. ബാലകൃഷ്ണൻ. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികാചരണം ഊരള്ളൂർ എടക്കുറ്റ്യാപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലീങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാത്തയാളാണ് ഷാഫി പറമ്പിലെന്നായിരുന്നു ആദ്യ ഘട്ട സി.പി.എം. നുണപ്രചാരണം. എന്നാൽ ഈ നുണ ജനം തള്ളിയതോടെ സ്ഥാനാർത്ഥിയെ മുസ്‌ലിം വർഗീയ വാദിയായി ചിത്രീകരിച്ച് മതേതര ജനാധിപത്യ സമൂഹത്തെ അപമാനിച്ചു. വടകരയിലെ ഷാഫിയുടെ സാന്നിധ്യം തങ്ങൾക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് സി.പി.എം. ഭയപ്പെടുന്നു. ഈ നെറികെട്ട രാഷ്ട്രീയത്തിന് ജനം വോട്ടിലൂടെ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്മൃതി കുടീരത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. പ്രദേശത്തെ അവശത അനുഭവിക്കുന്ന കുടുംബത്തിനുള്ള സഹായധനം അദ്ദേഹം ചടങ്ങിൽ വെച്ച് കൈമാറി. സ്വാഗത സംഘം ചെയർമാൻ സത്യൻ തലയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, കെ. അഷറഫ്, സുമേഷ് സുധർമൻ, ടി.ടി. ശങ്കരൻ, ഇ. ദിവാകരൻ, ഇ.കെ. ഭാസ്കരൻ, ബിനി മഠത്തിൽ, കെ.കെ. നാരായണൻ, ഇ.കെ. അഹമ്മദ് മൗലവി, അഷറഫ് പുതിയ മഠത്തിൽ എന്നിവർ സംസാരിച്ചു.