പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ ബഹുജന റാലി; ആദ്യറാലി നാളെ കോഴിക്കോട്
മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി.

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജനറാലികളുമായി മുഖ്യമന്ത്രി. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. ആദ്യറാലി നാളെ കോഴിക്കോട് നടക്കും. 23 ന് കാസര്‍കോട്, 24 ന് കണ്ണൂര്‍, 25 ന് മലപ്പുറം, 27 ന് കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.
പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. പുറം തള്ളലിൻ്റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രകടമാകുന്നത്. മനുസ്മൃതിയെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷലിപ്തമായ നിയമമാണ് പൗരത്വ ഭേദഗതി നിയമം. അതുവഴി മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കാനാണ് നീക്കം. പൗരത്വത്തെ മതത്തെ അടിസ്ഥാനമാക്കി നിര്‍വചിക്കുന്നുവെന്നും മൗലികാവകാശം ഹനിക്കുന്ന രീതിയില്‍ നിയമം കൊണ്ടുവരാനാകില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30 ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രില്‍ 22 ന് കണ്ണൂരിലാണ് അവസാനിക്കുക.