തമ്പാനൂര്‍ സതീഷും പത്മിനി തോമസും കോൺഗ്രസ് വിട്ട് ബിജെപിയിൽ
കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്ന് സ്വീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുൻ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷും ഉദയനും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇവർക്ക് പുറമെ 18 കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടു. തിരുവനന്തപുരത്തെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ഇവർ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എന്നിവർചേർന്ന് ഇവരെ സ്വീകരിച്ചു.
കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയതില്‍ അതൃപ്തി വ്യക്തമാക്കി തമ്പാനൂർ സതീഷ് നേരത്തെ പാർട്ടി വിട്ടിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കാസർഗോഡ് നിന്ന് തുടങ്ങിയ സമരാഗ്നി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ചാമ്പലായതിന്റെ ഉത്തരവാദി കെ. സുധാകരനാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണീരാണ് ചാമ്പലായി മാറിയതെന്ന് അദ്ദേഹം ഓര്‍മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.