headerlogo
politics

പൗരത്വ ഭേദഗതി നിയമം സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ട; കേരളം ഒന്നിച്ച് എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി

തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പൗരത്വ ഭേദഗതി നിയമം സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ട; കേരളം ഒന്നിച്ച് എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി
avatar image

NDR News

11 Mar 2024 08:39 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍മ്പുള്ള പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുകയും ഇസ്ലാം മതവിശ്വാസികള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ നിര്‍വ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്യുകയും മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും ചെയ്തു. ജനകീയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കണക്കികെടുക്കാതെ വര്‍ഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാര്‍ കാണിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് പലവട്ടം സര്‍ക്കാര്‍ ആവര്‍ത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വര്‍ഗ്ഗീയ വിഭജന നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളമാകെ ഒന്നിച്ച് നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് പേടി തുടങ്ങി. അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് കൊടുത്ത കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ സിഎഎ നടപ്പാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതിമത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകത്തില്‍ എവിടെയും അംഗീകരിക്കാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണിതെന്നു കെ സുധാകരന്‍ പറഞ്ഞു. സിഎഎ വിജ്ഞാപനം ഇലക്ട്രല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കേന്ദ്രം ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണ്.  സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ നേര്‍സാക്ഷ്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള തീരുമാനം തിരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസമിലും, ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തില്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് ശേഷമുള്ള പ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള ശ്രമമായി ഇതിനെ കാണണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

NDR News
11 Mar 2024 08:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents