നന്മണ്ടയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്
നന്മണ്ട: വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ നന്മണ്ടയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി.നന്മണ്ട ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.നന്മണ്ടയിൽ വിവാഹ നിശ്ചയമടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.വയനാട്ടിൽ വ്യാപകമാകുന്ന വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടെന്നും വയനാട്ടിൽ പോവാൻ സമയ ഇല്ലാത്ത മന്ത്രിക്ക് നിശ്ചയത്തിൽ പങ്കെടുക്കാൻ സമയമുണ്ടെന്നും നന്മണ്ട ഉൾപ്പെടുന്ന എലത്തൂർ നിയോജക മണ്ഡലത്തിന്റെ എം.എൽ.എ കൂടിയായ മന്ത്രി നാടിന് അപമാനമാണെന്നുമാണ് യൂത്ത് കോൺഗ്രസ് വിമർശനം.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ശശീന്ദ്രന്റെ അലംഭാവത്തിനെതിരെ നന്മണ്ടയിൽ നടത്തിയ നൈറ്റ് മാർച്ചിൽ വൻ യുവജനപങ്കാളിത്തമുണ്ടായിരുന്നു.കരിങ്കൊടി പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഹിൻ പൊയിലിൽ , എലത്തൂർ നിയോജക മണ്ഡലം സെക്രട്ടറി റഷിൻ ജിയാസ്,റിസ്വാൻ പാനോളുകണ്ടി എന്നിവർ അറസ്റ്റിലായി.