മുഖ്യമന്ത്രിയുടെ വിദ്യാർത്ഥികളുമായുള്ള 'മുഖാമുഖം' പരിപാടിക്ക് ഇന്ന് തുടക്കം; ആദ്യ സംവാദം മലബാർ ക്രിസ്റ്റ്യൻ കോളേജിൽ
നവകേരളത്തിനായി വിദ്യാർഥികളുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നേരിട്ടറിയാനാണ് മുഖ്യമന്ത്രിയെത്തുന്നത്.

കോഴിക്കോട്: നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടിക്ക് ഇന്ന് തുടക്കമാകും. കോഴിക്കോടാണ് വിദ്യാർഥികളുമായി ആദ്യ സംവാദ പരിപാടി നടക്കുന്നത്. മുഖാമുഖത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി പത്തിടങ്ങളിൽ ചർച്ച നടത്തും.
നവകേരളത്തിനായി വിദ്യാർത്ഥികളുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നേരിട്ടറിയാനാണ് മുഖ്യമന്ത്രിയെത്തുന്നത്. കോഴിക്കോട് ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ തയ്യാറക്കിയ വേദിയിലാണ് പരിപാടി. കേരളത്തിലെ എല്ലാ സർവകലാശാലകളിൽനിന്നും കോളേജുകളിൽ നിന്നും വിദ്യാർഥികൾ പങ്കെടുക്കും. 2000 പേർ പങ്കെടുക്കുന്ന പരിപാടിയിൽ 60 പേർക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാം.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സംവാദം. മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും, ആരോഗ്യ മന്ത്രിയും, ജില്ലയിലെ മന്ത്രിമാരും പരിപാടിയുടെ ഭാഗമാകും. യുവജനങ്ങളുമായി മറ്റന്നാൾ തിരുവനന്തപുരത്ത് സംവാദം നടക്കും. അടുത്ത മാസം മൂന്നിനാണ് മുഖാമുഖം അവസാനിക്കുന്നത്.