അത്തോളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ 10 പേർ റിമാൻഡിൽ
പോലീസ് സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് 12 പേർക്കെതിരെ കേസ്

അത്തോളി: അത്തോളി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ 10 കോൺഗ്രസ് നേതാക്കൾ റിമാന്റിലായി. ഇവർ സമർപ്പിച്ച ജാമ്യപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയതോടെ രാവിലെ സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയായിരുന്നു. പേരാമ്പ്ര മജിസ്ട്രേട്ട് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ അത്തോളി , അത്തോളി മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട്, ഉള്ളിയേരി മണ്ഡലം പ്രസിഡണ്ട് കെ കെ സുരേഷ്, അജിത് കുമാർ മുണ്ടേരി, മോഹനൻ കവലയിൽ, അഡ്വക്കേറ്റ് സുധിന്‍ സുരേഷ്, സതീഷ് കന്നുർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷമീൻ പുളിക്കൂൽ എന്നിവരാണ് അറസ്റ്റിലായത്.
പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനെ മഞ്ചേരി സബ് ജയിലിലേക്കും മറ്റുള്ളവരെ കൊയിലാണ്ടി സബ്ജയിലേക്കും മാറ്റി. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ കെപിസിസി ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ മാർച്ചിനോടനുബന്ധിച്ച് അത്തോളിയിലേക്ക് മാർച്ച് നടത്തിയിരുന്നു. സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നവരുടെ പോലീസുകാരന് പരിക്കേറ്റ സംഭവത്തിലാണ് മാർച്ചിന് നേതൃത്വം നൽകിയ 12 ഓളം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ കേസെടുത്തത്.
കീഴടങ്ങാനെത്തിയ പ്രവർത്തകർക്ക് ഐക്യദാർഢ്യ വുമായി എൻ എസ് യു ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാലുപുരക്കൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ എത്തിയിരുന്നു. ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ പേരാമ്പ്ര കോടതിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ പേരാമ്പ്ര കോടതിയിലേക്ക് കൊണ്ടുപോയത് ജനാധിപത്യപരമായ സമരം നടത്തിയവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസിൽ കുടുക്കിയ നടപടിയിൽ മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.