എംടി പറഞ്ഞതിൽ പുതുമയില്ല, മുൻപും എഴുതിയത് മാത്രമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ
വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

തിരുവനന്തപുരം : എം ടി വാസുദേവൻ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തിൽ പുതുമയില്ലെന്ന് സിപിഎം വിലയിരുത്തൽ. ഇതേ കാര്യം മുൻപും എംടി എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം മാത്രമാണിതെന്നും രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ് ലേഖനമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
എംടിയുടെ പ്രസംഗത്തിലെ പരാമർശവും ലേഖനവും തമ്മിൽ ഉള്ളടക്കത്തിൽ ചെറിയ വ്യത്യാസം മാത്രമാണുളളത്. നിലവിൽ ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്.