പബ്ലിക് ബാത്റൂം പണി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക; ഐ.എൻ.ടി.യു.സി. കുരുടിമുക്ക് യൂണിറ്റ്
ടോയ്ലറ്റ് നിർമിച്ചിട്ടും അത് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ ഇതേവരെ പഞ്ചായത്ത് ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ല

അരിക്കുളം: നാട്ടുകാരുടെയും കുരുടിമുക്ക് അങ്ങാടിയിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളടക്കമുളളവരുടെയും നിരന്തരമായ ആവശ്യമായിരുന്നു കുരുടിമുക്ക് ടൗണിൽ ഒരു പബ്ലിക് ബാത്റൂം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു ഇത്. ടോയ്ലറ്റ് നിർമിച്ചിട്ടും അത് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ ഇതേവരെ പഞ്ചായത്ത് ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ല.
ഒരു സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് ഈ ബാത്റൂം ഉണ്ടാക്കിയിട്ടുള്ളത്. ബിൽഡിങ് ജോലിയും മറ്റു മെയിന്റനൻസ് ജോലികളും പരമാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷൻ കിട്ടിയിട്ടില്ല. എത്രയും പെട്ടെന്ന് വൈദ്യുതി കണക്ഷൻ എടുത്ത് ഈ ബാത്റൂം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ഐ.എൻ.ടി.യു.സി. മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ കുരുടിമുക്ക് യൂണിറ്റ് ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റിയാസ് ഊട്ടരി യോഗം ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അരിക്കുളം, ഷിനോജ് മുണ്ടോട്ടിൽ, മുഹമ്മദ് ചാലിൽ, ബാബു കുഞ്ഞമ്പുറത്ത്, ഫൈസൽ കിഴക്കയിൽ, ബൈജു വാകമോളി, അമ്മദ് സി.എം. എന്നിവർ സംസാരിച്ചു.