പേരാമ്പ്ര എസ്.ഐയെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണം; സി.പി.ഐ.എം.
എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയ സെക്രട്ടറി അമൽജിത്തിനെ മർദ്ദിച്ച സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്
പേരാമ്പ്ര: എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയ സെക്രട്ടറി അമൽജിത്തിനെ മർദ്ദിച്ച സംഭവത്തിൽ പേരാമ്പ്ര എസ്.ഐയുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം. പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പി. ബാലൻ അടിയോടി, കെ. കുഞ്ഞിക്കണ്ണൻ, വി.കെ. സുനീഷ് എന്നിവർ പങ്കെടുത്തു.
ഈ മാസം 24 ന് പേരാമ്പ്ര സി.കെ.ജി. കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ നടന്ന വിദ്യാർഥി സംഘർഷത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ശ്രീദുജിന് മർദ്ദനമേറ്റിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോളേജ് പ്രിൻസിപ്പാളിനെ കാണാനെത്തിയ അമൽജിത്തിനെ യാതൊരു പ്രകോപനവും കൂടാതെ എസ്.ഐ. സുജിലേഷ് തടഞ്ഞുവെക്കുകയും പരസ്യമായി അസഭ്യവർഷം നടത്തുകയും മർദ്ദിക്കുകയും ചെയ്തെന്ന് നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ അമൽജിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 3ന് വൈകീട്ട് അഞ്ച് മണിക്ക് പേരാമ്പ്രയിൽ പൊതുയോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.