സിപിഐഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ
മുക്കം, തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ സ്വീകരണം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. മുക്കം, തിരുവമ്പാടി, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലാണ് ഇന്ന് സ്വീകരണമുള്ളത്. വയനാട് ജില്ലയിലെ പര്യാടനം പൂർത്തിയാക്കി രാവിലെ പത്ത് മണിക്ക് അടിവാരത്ത് എത്തുന്ന ജാഥയെ ജില്ലാ സെക്രട്ടറി പി മോഹനനടക്കമുള്ള നേതാക്കൾ സ്വീകരിക്കും.കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളും, കേരളത്തോടുള്ള അവഗണനയും, സംഘപരിവാർ വർഗീയതയും, സിപിഐഎമ്മിനെതിരെയുള്ള വിവാദങ്ങൾക്കുള്ള പാർട്ടിയുടെ വിശദീകരണത്തോടൊപ്പം, സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവബോധവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജനകീയ പ്രതിരോധ ജാഥയുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം ജനകീയ പ്രതിരോധ ജാഥ ക്കെതിരെ ബിജെപി രംഗത്തെത്തി യിരുന്നു. സിപിഐഎമ്മിന്റെ പ്രതിരോധ യാത്ര പ്രച്ഛന്ന യാത്രയാണെന്ന് ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. സത്യത്തെ പ്രതിരോധിക്കാനുള്ള യാത്രയാണിത്. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ മറച്ചുവെക്കാനുള്ള ഉടായിപ്പ് യാത്രയാണെന്നും പി കെ കൃഷ്ണദാസ് വിമർശിച്ചു. ജീർണോദ്ധാരണ യാത്രയാണ് എംവി ഗോവിന്ദൻ നടത്തേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും നേരത്തെ വിമർശിച്ചിരുന്നു
മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി 26 നാണ് ജാഥ മലപ്പുറം ജില്ലയിലേയ്ക്ക് കടക്കുക. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്നാണ് സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ആദ്യം ദിവസം ആരംഭിച്ചത്. ഇന്ധന സെസ് മുതൽ ആകാശ് തില്ലങ്കേരി വരെ പാർട്ടിയേയും, സർക്കാരിനേയും വിവാദത്തിലാക്കിയ സാഹചര്യങ്ങൾ മറികടക്കാനും സിപിഐഎം ജാഥയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജർ. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കെ ടി ജലീൽ എംഎൽഎ, ജെയ്ക് സി തോമസ് എന്നിവരാണ് ജാഥയിലെ സ്ഥിരം അംഗങ്ങൾ .