കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് തള്ളിയതിലുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽയുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽത്തല്ലി. എന്നാൽ ഓഫീസിന് പുറത്തു നിന്നെത്തിയ യുഡിഎഫ് പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് എൽഡിഎഫ് ആരോപിച്ചു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ നീക്കി.
നേരത്തെ പിഎൻബി അക്കൗണ്ടിലെ തിരിമറി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നൽകിയ അടിയന്തര പ്രമേയ നോട്ടിസ് മേയർ തള്ളിയിരുന്നു. തുടർന്ന് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുകയും 15 കൗൺസിലർമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് തിരിമറിയിൽ പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഏതന്വേഷണവും നേരിടാൻ തയാറാണെന്നും മേയർ പറഞ്ഞു.
പിഎൻബി തട്ടിപ്പ് പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഇതുവരെ കോർപറേഷൻ സ്വീകരിച്ച നിലപാടുകളും എന്താണ് സംഭവിച്ചതെന്നുമുള്ള വിവരങ്ങളും മേയർ വിശദീകരിച്ചിരുന്നു. കോർപറേഷനു കിട്ടാനുള്ള പണം തിരിച്ചുകിട്ടിയിട്ടുണ്ട്. നിലവിൽ അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്നാണ് മേയർ നിലപാട് എടുത്തത്. എന്നാൽ ഈ വിഷയത്തിൽ അടിയന്തര പ്രാധാന്യം ഇല്ലെന്ന് ഏതുസാഹചര്യത്തിലാണ് മേയർ പറയുന്നതെന്ന് പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഇതാണ് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി പരിണമിച്ചത്.