മേപ്പാടി പോളിടെക്നിക്കിലെ കെഎസ്‌യു പ്രവർത്തകന് പേരാമ്പ്രയിൽ മർദ്ദനമേറ്റതിൽ കോൺഗ്രസ് പ്രതിഷേധം
കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോൺഗ്രസ്
പേരാമ്പ്ര: വയനാട് മേപ്പാടി പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും കെഎസ്‌യു പ്രവർത്തകനുമായ പേരാമ്പ്ര വാല്യൂക്കോട് കീരിക്കാണ്ടി കെകെ അഭിനവിന് ക്രൂര മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രകടനം നടത്തി.വാല്യക്കോട് ഒ.കെ. റോഡിൽ തിങ്കളാഴ്ച രാത്രി 9 മണിയോടെ ലോകകപ്പ് ഫുട്ബോൾ കാണാൻ പോകുമ്പോഴായിരുന്നു ആക്രമണം. ആണി അടിച്ച പട്ടികയും സൈക്കിൾ ചെയിനും മറ്റു മാരകായുധങ്ങളുമായി ആണ് ബൈക്കുകളിൽ എത്തിയ എട്ടംഗ സംഘം മർദ്ദിച്ചതെന്ന് അഭിനവ് പറഞ്ഞു. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥിനിയും എസ്എഫ്ഐ വയനാട് ജില്ല വൈസ് പ്രസിഡണ്ടുമായ അപർണ ഗൗരിയെ മർദ്ദിച്ച കേസിലെ പ്രതിയാണ് അഭിനവ്. ഇതിൻറെ പ്രതികാരമാണ് അക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച എസ്എഫ്ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി അഭിനവ് ആരോപിച്ചു.
മേപ്പാടി പോളിടെക്നിക് വർഷങ്ങൾക്കുശേഷം കൈവിട്ടു പോയതിന്റെ പ്രതികാരം തീർക്കുകയാണ് എസ്എഫ്ഐ. എന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.. അഭിനവിനെ മർദ്ദിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് കെഎം കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജൻ മരുതേരി, കെ കെ വിനോദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാഗേഷ്, പി.എം.പ്രകാശൻ , പി.എസ് സുനിൽ കുമാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.